ജനീവ : ഗാസയിലെ സംഘർഷം ഏറെ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. ഇരകളാക്കപ്പെട്ടവര്‍ക്ക് ഉടനടി ആശ്വാസം നൽകുന്ന സുസ്ഥിര പരിഹാരം ആവശ്യമാണ് (War-Ravaged Gaza). തീവ്രവാദവും ബന്ദിയാക്കിയുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ല. സംഘർഷം മേഖലയ്‌ക്ക് പുറത്തേക്ക് വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു എൻ മനുഷ്യാവകാശ കൗൺസിലിന്‍റെ 55-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ എല്ലായ്‌പ്പോഴും മാനിക്കപ്പെടേണ്ടതുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കേണ്ടത് പ്രധാനമാണ്.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിച്ച ജയ്‌ശങ്കർ പലസ്‌തീൻ വിഷയത്തിലെ ഇന്ത്യയുടെ ദീർഘകാല നിലപാട് ചുണ്ടിക്കാട്ടിയിരുന്നു.