വാഷിങ്ടണ്‍ : വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്. നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറിയെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വിവേക് രാമസ്വാമി ഓഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന തീരുമാനത്തിന് പിന്നാലെയാണ് നിർണായക നീക്കം.
ഡോജ് അഥവാ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതല ഇലോൺ മസ്‌കിന് മാത്രമായിരിക്കുമെന്നാണ് വൈറ്റ് ഹൗസിൻ്റെ സ്ഥിരീകരണം. വിവേക് രാമസ്വാമി ഒഹിയോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയേയും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് വിവേക് രാമസ്വാമി ഡോജിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്. ഡോജ് ഉണ്ടാക്കുന്നതിൽ വിവേക് രാമസ്വാമി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും നിലവിൽ ഓഹിയോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലാണ് മാറ്റമെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.