മിൽവാക്കി (യുഎസ്): യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ്. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്‌ക്കിടെയാണ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്‍റിന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ബൂസ്റ്റർ ഡോസുകൾ നൽകിയതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡിന്‍റെ പൊതുവിലുള്ള ലക്ഷണങ്ങളായ ജലദോഷം, ചുമ, ചെറിയ രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ബൈഡനുണ്ടെന്ന് അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒകോണറിനെ ഉദ്ധരിച്ച് സെക്രട്ടറി വ്യക്തമാക്കി. രോഗ നിർണയത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടികളിൽ ബൈഡന് പങ്കെടുക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.