വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ നാടുകടത്തി തുടങ്ങി ട്രംപ് ഭരണകൂടം. യുഎസ് സൈനിക വിമാനം ചില അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ രേഖകളില്ലാത്ത അനധികൃതമായി താമസിക്കുന്ന 205 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ട് ഒരു യുഎസ് സൈനിക വിമാനം ടെക്‌സാസിൽ നിന്ന് പുറപ്പെട്ടുവെന്ന് മാധ്യമ ഏജൻസികള്‍ വ്യക്തമാക്കുന്നു.
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യുഎസ് എംബസി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല, എങ്കിലും കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുകയാണെന്ന് എംബസി അറിയിച്ചു. കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) അനധികൃത കുടിയേറ്റത്തെ എതിർക്കുന്നുവെന്നും പൗരത്വം സ്ഥിരീകരിച്ചാൽ യുഎസിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"നിയമവിരുദ്ധ കുടിയേറ്റത്തിന് ഞങ്ങൾ എതിരാണ്, പ്രത്യേകിച്ചും അത് പലതരം സംഘടിത കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്," എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു. അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെവിടെയുമുള്ള ഇന്ത്യക്കാർക്ക്, അവര്‍ക്ക് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഉണ്ടെങ്കില്‍ അവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
മതിയായ രേഖകളില്ലാതെ 18000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ ഉണ്ടെന്നും അവരെ തിരിച്ചയക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഈ ആവശ്യം വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.
മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിയമപരമായി അനുമതിയില്ലാതെ യുഎസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also:പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്‌ച നടത്തും