ജനീവ:ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ പലസ്‌തീനികളുടെ മരണസംഖ്യ 40,000 കടന്നു. ഇതിന് പിന്നാലെഗാസ മുനമ്പിൽ വെടിനിർത്തലിന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക് രംഗത്തെത്തി.
'2023 ഒക്‌ടോബർ 7 ന് സംഘർഷം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിലെ പലസ്‌തീനികളുടെ മരണസംഖ്യ 40,005 ൽ എത്തിയതായും 92,401 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് വളരെ ദുഃഖകരമായ ഒന്നാണ്' എന്ന് വോൾക്കർ ടർക്ക് പ്രസ്‌താവനയിൽ പറഞ്ഞു.
മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളും പ്രായമായവരുമാണെന്ന് ടർക്ക് വ്യക്തമാക്കി. ഗാസ മുനമ്പിലെ വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. അതേസമയം ഇസ്രായേൽ പ്രതിരോധ സേനയുടെ യുദ്ധനിയമങ്ങളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ വോൾക്കർ ടർക്ക് ഉത്കണ്‌ഠ പ്രകടിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഗാസ മുനമ്പിൽ ഇസ്രായേൽ വൻ നാശമാണ് വിതച്ചിരിക്കുന്നതെന്ന് വോൾക്കർ ടർക്ക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 മാസത്തിനിടെ ഗാസ മുനമ്പിൽ പ്രതിദിനം 130 ഓളം പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ഉടൻ തന്നെ പ്രദേശത്തെ വെടിനിർത്തലിന് തയ്യാറാകണമെന്ന് ഇസ്രായേലിനോടും ഇതിൽ ഉൾപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ദികളെയും ഏകപക്ഷീയമായി തടവിലാക്കിയ പലസ്‌തീനികളെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. യുദ്ധനിയമങ്ങൾ പാലിക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ ആവർത്തിച്ചുള്ള പരാജയങ്ങളാണ് സങ്കൽപ്പാതീതമായ ഈ അവസ്ഥയ്ക്ക് കാരണമെന്ന് വോൾക്കർ ടർക്ക് പ്രസ്‌താവനയിൽ പറഞ്ഞു. "അന്താരാഷ്‌ട്ര മാനുഷിക നിയമത്തിൽ (IHL) സിവിലിയൻമാരുടെയും സിവിലിയൻ സ്വത്തുക്കളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തിന്‍റെ പരമപ്രധാനമായ പ്രാധാന്യത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്. ഹമാസിന്‍റെ സായുധ വിഭാഗമുൾപ്പെടെ ഇസ്രായേൽ സൈന്യവും പലസ്‌തീൻ സായുധ ഗ്രൂപ്പുകളും ഐഎച്ച്എൽ ൻ്റെ (IHL) ഗുരുതരമായ ലംഘനങ്ങളാണ് നടത്തുന്നതെന്ന് തങ്ങളുടെ ഓഫീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ വ്യക്തമാക്കി.
"ഗാസ മുനമ്പിലെ കൂട്ടക്കൊല തടയാനുള്ള കഴിവില്ലായ്‌മ ലോകത്ത് പ്രതിഫലിക്കുകയും എല്ലാ രാജ്യങ്ങളും അത് പരിഗണിക്കുകയും ചെയ്യുമ്പോൾ, ഉടനടി വെടിനിർത്തലിന് സമ്മതിക്കാനും ആയുധങ്ങൾ താഴെയിടാനും ആക്രമണങ്ങൾ എന്നെന്നേക്കുമായി നിർത്താനും ഞാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നു" വോൾക്കർ ടർക്ക് പറഞ്ഞു. ഇസ്രായേലിന്‍റെ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ആവർത്തിച്ച് പറയുകയും അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിച്ച ദ്വിരാഷ്‌ട്ര പരിഹാരം നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.
Also Read:'അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല'; ഇസ്രയേല്‍ നര നായാട്ടില്‍ ബാക്കിയാകുന്ന പാതി ജീവനുകള്‍