ന്യൂയോര്‍ക്ക്: സാധാരണ ആശയവിനിമയ ഉപകരണങ്ങള്‍ യുദ്ധമുഖത്ത് ആയുധങ്ങളായി ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ മേധാവി.ലെബനനില്‍ പേജറുകളും വാക്കിടോക്കികളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഇതുപയോഗിക്കുന്നവര്‍ അറിയാതെ സ്ഫോടകവസ്‌തുക്കളാക്കി മാറ്റുകയും സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്‌ട്രസഭ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കവെയാണ് വോള്‍ക്കര്‍ ടര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലെബനനില്‍ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും നടന്ന ആക്രമണങ്ങളില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണം. സംഭവത്തില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും 3400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഈ ആക്രമണത്തിന് ഉത്തരവിടുകയും അത് നടപ്പാക്കുകയും ചെയ്‌തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് ലെബനന്‍ ആരോപിച്ചു. ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി സാധാരണക്കാരും ഇരയായി. ഹിസ്ബുള്ള ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടലിലാണ്.2006ല്‍ നേരിട്ടൊരു യുദ്ധമടക്കം ഉണ്ടായി. ഹമാസിന് പിന്തുണയുമായി നിത്യേനയെന്നോണം ഇസ്രായേലിന് നേര്‍ക്ക് ആക്രമണം അഴിച്ചു വിടുകയാണ് ഹിസ്ബുള്ള.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് ലെബനീസ് അധികൃതര്‍ ആരോപിക്കുമ്പോള്‍ യുഎന്നിലെ ഇസ്രായേലി അംബാസഡര്‍ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടിയെ ന്യായീകരിച്ചു.
രണ്ട് പൊട്ടിത്തെറികള്‍ക്ക് പിന്നിലും ഇസ്രയേലാണെന്ന ആരോപണമുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഏതെങ്കിലും പ്രത്യേക ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇസ്രയേലിന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി ഡാനി ഡാനണ്‍ പ്രതികരിച്ചത്." ഞങ്ങള്‍ എടുക്കുന്ന നിലപാടുകളൊക്കെ ഭികരതയ്ക്കും ഭീകരര്‍ക്കും എതിരായുള്ളതാണ്. സാധാരണക്കാര്‍ക്ക് ജീവാപായം ഉണ്ടാവുന്നത് കുറയ്ക്കാനാണ് ഞങ്ങളുടെ ശ്രമം." യോഗത്തിനെത്തിയ ഇസ്രയേലിന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി ഡാനി ഡാനണ്‍ പറഞ്ഞു.
ലെബനനിലെ തെരുവുകളിലും കമ്പോളങ്ങളിലും കടകളിലും വീടുകളിലുമെല്ലാമുള്ള ജനങ്ങളെ ഭീകരരായി ചിത്രീകരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ലെബനന്‍ വിദേശകാര്യ മന്ത്രി അബ്‌ദള്ള ബൗഹബീബ് ആരോപിച്ചു. ഇവിടെയെല്ലാമാണ് പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി ജീവനുകള്‍ പൊലിഞ്ഞത്.
രക്തത്തില്‍ കുളിച്ച നിരവധി പേരുടെ ചിത്രങ്ങള്‍ പതിനഞ്ച് അംഗരാജ്യങ്ങളുടെ സ്ഥാനപതികള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് ഈ ചിത്രങ്ങള്‍ പറയുന്നുണ്ടെന്നും ലെബനീസ് വിദേശ കാര്യ മന്ത്രി പറഞ്ഞു.
ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുക മാത്രമായിരുന്നില്ല ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രസ്‌താവനകള്‍ നടത്തുകയും ചെയ്‌തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഉപദേശകരിലൊരാളായ ടോപാസ് ലുക്കെയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു. പിന്നീട് നീക്കം ചെയ്‌തെങ്കിലും ഈ ട്വീറ്റ് ആക്രമണത്തിനുത്തരവാദികള്‍ ഇസ്രയേല്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ്. ആക്രമണത്തിന്‍റെ സദുദ്ദേശത്തെക്കുറിച്ചും പോസ്റ്റില്‍ വിശദീകരിച്ചിരുന്നതായി ബൗഹബീബ് ചൂണ്ടിക്കാട്ടി.
ലെബനനിലും അയല്‍ രാജ്യമായ സിറിയയിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദികള്‍ ഇസ്രയേല്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ട്വീറ്റിന് നെതന്യാഹുവിന്‍റെ ഉപദേശകന്‍ നല്‍കിയ മറുപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.