ലണ്ടന്‍:ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 41 സീറ്റുകളില്‍ കേവലം മൂന്ന് സീറ്റുകളില്‍ മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതുവരെ വിജയം നേടാനായത്. ആദ്യം ഫലം പ്രഖ്യാപിച്ച 20 സീറ്റുകളും ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. സ്‌കോട്ട്ലന്‍റിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇന്ത്യന്‍ സമയം രാവിലെ പത്ത് മണിയോടെ ബ്രിട്ടനിലെ അന്തിമ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമെന്നാണ് സൂചന.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളില്‍ പോലും ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായി എന്നും ബ്രിട്ടനില്‍ നിന്ന് പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സ്റ്റാര്‍ കെയ്‌മറിന്‍റെ ആദ്യ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പാണിത്. 2019ല്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ജെറമി കോര്‍ബിനില്‍ നിന്ന് നേതൃത്വം കെയ്‌മര്‍ ഏറ്റെടുത്തത്.
650അംഗ പാര്‍ലമെന്‍റില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. പ്രധാനമന്ത്രി ഋഷി സുനകിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 131 സീറ്റുകള്‍ മാത്രമേ നേടാനാകൂ എന്നും അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്‌ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടി തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. പതിനാല് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനാകും ഇതോടെ തിരശീല വീഴുക. കനത്ത ഭരണവിരുദ്ധ വികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.