മനില :ഫിലിപ്പീൻസിനെ വിട്ടൊഴിയാതെ ചുഴലിക്കാറ്റ് ദുരന്തങ്ങള്‍. ഒരു മാസത്തിനുള്ളിൽ വടക്കൻ ഫിലിപ്പീൻസിൽ വീശിയടിച്ച ആറ് വലിയ കൊടുങ്കാറ്റുകളിൽ ഏറ്റവും ശക്തമായ ഒന്നായിരുന്ന 'മാന്‍-യി' കവര്‍ന്നത് ഏഴ് ജീവനുകള്‍. കിഴക്കൻ ദ്വീപ് പ്രവിശ്യയായ കാറ്റാൻഡുവാനസിൽ മണിക്കൂറിൽ 195 കിലോമീറ്റർ (125 മൈൽ) വരെ വേഗതയിലായിരുന്നു മാന്‍-യി ആഞ്ഞടിച്ചത്.
രാജ്യത്തെ കാലാവസ്ഥ ഏജന്‍സി നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമീണരെ മാറ്റിപാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. ഇതാണ് മരണ സംഖ്യ കുറയാന്‍ കാരണമായത്. എന്നാല്‍ നിരവധി വീടുകള്‍ തകര്‍ക്കുകയും വന്‍ മരങ്ങള്‍ കടപുഴക്കുകയും ചെയ്‌ത് വലിയ നാശനഷ്‌ടങ്ങള്‍ തീര്‍ത്താണ് മാന്‍-യി കടന്നുപോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ വലിയ തിരമാലകളും ആഞ്ഞടിച്ചു. മാൻ-യി അഴിച്ചുവിട്ട കനത്ത മഴയും ശക്തമായ കാറ്റും തിങ്കളാഴ്‌ച പുലർച്ചെ ന്യൂവ വിസ്‌കായ പ്രവിശ്യയിലെ വടക്കൻ പട്ടണമായ അംബാഗുയോയിൽ മണ്ണിടിച്ചിലിന് കാരണമായി. മണ്ണിടിച്ചിലിലാണ് കുട്ടികളടക്കം ഏഴ് പേർക്ക് ജീവന്‍ നഷ്‌ടമായത്.
മൂന്ന് പേരെ കാണാതാവുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന് റീജിയണൽ പൊലീസ് മേധാവി ജനറൽ അന്‍റോണിയോ പി മറാലാഗ് ജൂനിയർ പറഞ്ഞു. കാണാതായവര്‍ക്കായി സൈന്യവും ഗ്രാമീണരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നുണ്ട്. മോട്ടോർ സൈക്കിൾ അപകടത്തിലും വൈദ്യുതാഘാതം ഏറ്റുമുള്ള രണ്ട് ഗ്രാമീണരുടെ മരണത്തിന് മാൻ-യിയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അന്തിമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്‌ടമായവരുടെ പട്ടികയിലേക്ക് ഇവരെ ചേര്‍ക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.