മിയാമി: കുടിയേറ്റ വിഷയത്തിൽ തന്‍റെ നിലപാട് മയപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യു എസിലെ കോളേജുകളിൽ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഓട്ടോമാറ്റിക് ഗ്രീൻ കാർഡിന് പ്രത്യേകം അപേക്ഷ നൽകാതെ തന്നെ കാർഡ് ലഭിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന വാഗ്‌ദാനം. നേരത്തെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന കുടിയേറ്റ വിഷയത്തിലെ ട്രംപിന്‍റെ നിലപാട് മാറ്റം നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നാണ് വിവരം.
"അമേരിക്കയിൽ മികച്ച സർവകലാശാലകളിൽ ബിരുദ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾ അവരുടെ നാട്ടിലേക്ക് തിരിച്ചുപോകുന്നത് അമേരിക്കയ്ക്ക് വലിയ നഷ്‌ടമാണ്. താൻ അമേരിക്കൻ പ്രസിഡന്‍റ് പദവിയിലിരുന്ന കാലത്ത് ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത്. എന്നാൽ കൊവിഡ് വന്നത് കാരണം ഇത് സാധിച്ചില്ല." ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കയിൽ നിന്ന് ഒന്നാം റാങ്കുകളോടെ ഉന്നത ബിരുദം നേടുന്ന വിദ്യാർഥികൾക്ക് പോലും തൊട്ടടുത്ത ദിവസം അമേരിക്ക വിടേണ്ടതായി വരുന്ന സാഹചര്യമാണ് നിലവിൽ. ഈ സ്ഥിതി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'ഇവിടെ നല്ല ജോലിയും വേതനവുമില്ല', പഠനത്തിനായി വിദേശത്തേക്ക് പറന്ന് ഇന്ത്യൻ വിദ്യാർഥികൾ