വാഷിങ്‌ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ വിശ്വസ്‌തരെ ഉള്‍പ്പെടുത്തി കൊണ്ട് പുതിയ ക്യാബിനറ്റ് പ്രഖ്യാപിച്ചു. മാർക്കോ റൂബിയോ, മാറ്റ് ഗെയ്റ്റ്‌സ്, തുല്‍സി ഗബ്ബാർഡ്, പീറ്റ് ഹെഗ്‌സെത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പുതിയ ഭരണകൂടത്തില്‍ ട്രംപ് സുപ്രധാന ചുമതലകള്‍ നല്‍കിയത്.
മാറ്റ് ഗെയ്റ്റ്സ് അറ്റോർണി ജനറല്‍
ട്രംപിന്‍റെ വിശ്വസ്‌തനും അഭിഭാഷകനും ഫ്‌ളോറിഡ റിപ്പബ്ലിക്കൻ പ്രതിനിധിയുമായ മാറ്റ് ഗെയ്റ്റ്‌സിനെ അറ്റോർണി ജനറലായി തെരഞ്ഞെടുത്തു. രാജ്യത്തിന്‍റെ മികച്ച പ്രോസിക്യൂട്ടറെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റ് ഗെയ്റ്റ്‌സിന് അറ്റോർണി ജനറല്‍ ചുമതല നല്‍കിയത്. കൂടുതല്‍ ശക്തരായ അഭിഭാഷകരുടെ പേരുകള്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് ഉണ്ടായിരുന്നുവെങ്കിലും, ഇവരെയെല്ലാം മറികടന്ന് 42-കാരനായ ഗെയ്‌റ്റ്‌സിനെ ട്രംപ് തെരഞ്ഞെടുക്കുകയായിരുന്നു.
'ആയുധവത്കരിക്കപ്പെട്ട സർക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാറ്റ് ഗെയ്റ്റ്‌സ് അവസാനിപ്പിക്കും. നമ്മുടെ അതിർത്തികൾ സംരക്ഷിക്കുകയും ക്രിമിനൽ സംഘടനകളെ തകർക്കുകയും നീതിന്യായ വകുപ്പിലുള്ള അമേരിക്കക്കാരുടെ തകർന്ന വിശ്വാസം ഗെയ്‌റ്റ്സ് പുനഃസ്ഥാപിക്കുകയും ചെയ്യും,' ട്രംപ് പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം, 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നത് ഉള്‍പ്പെടെ നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗെയ്റ്റ്സിന്‍റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മാർക്കോ റൂബിയോ വിദേശ സെക്രട്ടറി
ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയെ വിദേശ സെക്രട്ടറിയായി ട്രംപ് നിയമിച്ചു. 53 കാരനായ റൂബിയോയെ "നിർഭയനായ പോരാളി" എന്നും "നമ്മുടെ സഖ്യകക്ഷികളുടെ യഥാർഥ സുഹൃത്ത്" എന്നും ട്രംപ് വിശേഷിപ്പിച്ചു. നമ്മുടെ എതിരാളികളോട് ഒരിക്കലും പിന്മാറാത്ത ഒരു നിർഭയ യോദ്ധാവായിരിക്കും മാര്‍ക്കോ എന്നും, അമേരിക്കയെയും ലോകത്തെയും വീണ്ടും സുരക്ഷിതമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഈ പദവിയിലെത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ.
ഫ്ലോറിഡയുടെ മൂന്നാം തവണ പ്രതിനിധിയായ സെനറ്റർ മാർക്കോ റൂബിയോ 1971-ൽ മിയാമിയിൽ ക്യൂബൻ കുടിയേറ്റക്കാരനായി ജനിച്ചു. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ നിന്നും യൂണിവേഴ്‌സിറ്റി ഓഫ് മിയാമി ലോ സ്‌കൂളിൽ നിന്നും ബിരുദം നേടിയ ശേഷം, റൂബിയോ സിറ്റി കമ്മിഷണറായും പിന്നീട് ഫ്ലോറിഡ പ്രതിനിധി സഭയുടെ സ്‌പീക്കറായും സേവനമനുഷ്‌ഠി ച്ചു. 2010ൽ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടറായി തുല്‍സി ഗബ്ബാർഡ്
മുൻ ഹവായ് പ്രതിനിധി തുല്‍സി ഗബ്ബാർഡിനെ ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടറായി ട്രംപ് തെരഞ്ഞെടുത്തു. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ നേതാവാണ് തുല്‍സി ഗബ്ബാർഡ്. 2020-ലെ പ്രസിഡന്‍റ് സ്ഥാനാർഥിത്വം പരാജയപ്പെട്ട ഡെമോക്രാറ്റിക് ഹൗസ് അംഗമായിരുന്നു 43 കാരനായ ഗബ്ബാർഡ്. പിന്നീടാണ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്.