പത്തനംതിട്ട: കണിമഞ്ഞു പൊഴിയുന്ന സായം സന്ധ്യയിൽ പമ്പയൊഴുകുന്ന താളത്തിൽ കാനനവാസന്‍റെ സന്നിധാനത്തിൽ ശരണ മന്ത്രങ്ങളൊഴുകി. സ്വാമിയേ... ശരണമയ്യപ്പ... ആയിരമല്ല പതിനായിരമല്ല ലക്ഷക്കണക്കിന് കണ്‌ഠങ്ങളിൽ നിന്നും ഒരേ മനസോടെ ഉയർന്ന ശരണം വിളിയിൽ അയ്യപ്പ സ്വാമിയുടെ സന്നിധാനം ഭക്തിയുടെ നിറകുടമായി.
നെയ്ത്തിരിയും കർപ്പൂരവും എരിയുന്ന കളഭ സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ കാനന നടുവിലെ ശ്രീകോവിലിൽ അയ്യപ്പ സ്വാമിയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന. ഉൾവനത്തിലെ കാട്ടാറിന്‍റെ കുളിരും പേറിയെത്തുന്ന കാറ്റിൽ പോലും ശരണ മന്ത്രങ്ങൾ അലിഞ്ഞു ചേരുന്ന ഭക്തി നിർഭര നിമിഷങ്ങൾ.
എത്താവുന്ന ഇടങ്ങളിലൊക്കെ ലക്ഷക്കണക്കിന് അയ്യപ്പന്മാർ കണ്ണും നട്ടിരുന്നത് ആ പുണ്യ നിമിഷത്തിന് വേണ്ടി. സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രങ്ങൾ പുണ്യ പമ്പ പോലൊഴുകുമ്പോൾ അങ്ങ് ദൂരെ കാനന നടുവിൽ... പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു.
ഒന്ന്.. രണ്ട്... മൂന്ന്... മൂന്ന് തവണ മകര ജ്യോതി തെളിഞ്ഞു. ഒരാണ്ടിന്‍റെ പുണ്യം ഏറ്റു വാങ്ങി ഭക്ത സാഗരം കൈകൂപ്പി ശരണം വിളിക്കുമ്പോൾ ആകാശത്ത് മകര നക്ഷത്രവും ഉദിച്ചു. ഭക്തിയുടെ അനിർവചനീയ നിമിഷങ്ങൾക്കാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്.
തത്വമസിയുടെ തിരുനടയിൽ ഏവർക്കും ചൊല്ലാൻ ഒരൊറ്റ മന്ത്രം മാത്രം സ്വാമിയേ.. ശരണമയ്യപ്പ... മകര ജ്യോതി മനസിൽ കൊളുത്തി ഭക്ത ലക്ഷം അയ്യപ്പനെ വീണ്ടും വണങ്ങി മലയിറങ്ങി തുടങ്ങി. അടുത്ത വർഷവും എത്താൻ അനുഗ്രഹിക്കണേ അയ്യപ്പാ എന്ന പ്രാർത്ഥനയോടെ.
ഇന്ന് (ചൊവ്വാഴ്‌ച) പുലർച്ചെ 3ന് ആണ് നട തുറന്നത്. തുടർന്ന് സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിച്ച ഇന്ന് രാവിലെ 8.45 ന് മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടന്നു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍വശം കൊണ്ടു വന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്‌തത്.
പന്തളം വലിയ കോയിക്കല്‍ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തിയപ്പോൾ ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്കാനയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ര സിഡന്‍റ് പി എസ് പ്രശാന്തും മറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. ഇവിടെ തിരുവാഭരണം തന്ത്രി കണ്‌ഠര് രാജീവര്,മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിൽ എത്തിച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.
ശരണം വിളികളും മണി നാദവും ശ്രുതി ചേർന്നൊഴുകിയ ദിവ്യ മുഹൂർത്തത്തിൽ കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ആകാശത്ത് മകര നക്ഷത്രവും ഉദിച്ചു. 17 വരെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയേ ഭക്തർക്ക് ദർശിക്കാം.18 വരെ നെയ്യഭിഷേകം ഉണ്ടാകും.ജനുവരി 19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ മകരവിളക്ക് ഉത്സവത്തിന് സമാപനമാവും.