മോസ്‌കോ :സിറിയയിലെ വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനും കുടുംബത്തിനും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അഭയം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. മാനുഷിക പരിഗണനയാലാണ് ബാഷർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സിറിയയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി റഷ്യ എല്ലായ്‌പ്പോഴും സംസാരിച്ചിട്ടുണ്ടെന്നും ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
റഷ്യൻ വിദേശകാര്യ മന്ത്രാലയം സിറിയയിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സിറിയയിലെ വിമത സൈന്യവുമായി റഷ്യ ബന്ധപ്പെടുന്നുണ്ട്. വിമത സൈന്യത്തിലെ നേതാക്കള്‍ സിറിയയിലെ റഷ്യയുടെ നയതന്ത്ര ദൗത്യങ്ങളുടെയും റഷ്യൻ സൈനിക താവളങ്ങളുടെയും സുരക്ഷ ഉറപ്പുനൽകുകയും ചെയ്‌തു.
സിറിയയിൽ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും അക്രമം ഉപേക്ഷിക്കാനും രാഷ്ട്രീയ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാനും റഷ്യ ആഹ്വാനം ചെയ്‌തു. കൂടാതെ, അസദ് സമാധാനപരമായി പ്രസിഡന്‍റ് പദവിയില്‍ നിന്ന് രാജിവച്ചതായും സിറിയ വിട്ടതായും മന്ത്രാലയം വ്യക്തമാക്കി. വിമത സംഘടനയുമായുളള ചര്‍ച്ചയ്‌ക്ക് ഒടുവിലാണ് രാജ്യം വിടാന്‍ അസദ് തയ്യാറാകുന്നത്. റഷ്യ ഈ ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും അക്രമം ഉപേക്ഷിക്കാന്‍ ഇരു കക്ഷികളോടും ആവശ്യപ്പെടുകയായിരുന്നു.