വാഷിങ്‌ടൺ:ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ എത്താന്‍ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. ഒരു മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. ഇവരെ തിരികെ എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്നും നാസ വ്യക്തമാക്കി.
എട്ട് ദിവസത്തെ പരീക്ഷണ യാത്രയ്‌ക്ക് സ്റ്റാർലൈനറിന്‍റെ പേടകത്തില്‍ ബഹിരാകശത്തേക്ക് പുറപ്പെട്ടതാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും. തുടര്‍ന്ന് ഇവര്‍ യാത്ര പുറപ്പെട്ട സ്റ്റാർലൈനര്‍ പേടകത്തില്‍ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്‌നങ്ങളും കണ്ടെത്തി. ഇത് ബഹിരാകാശ സഞ്ചാരികളുടെ തിരിച്ചുവരവിന് തടസമാവുകയായിരുന്നു.
സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരെയും എത്രയും പെട്ടെന്ന് തിരിച്ച് എത്തിക്കാനുളള സാധ്യതയാണ് ആദ്യം നാസ പരിശോധിച്ചത്. എന്നാല്‍, സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുവരെയും നാട്ടിലെത്തിക്കാന്‍ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സിന്‍റെ പേടകത്തെ ആശ്രയിച്ചിരിക്കുകയാണ് നാസ. സ്‌പേസ് എക്‌സ് പേടകത്തിനായി 2025 വരെ ബഹിരാകാശ സഞ്ചാരികള്‍ക്ക് കാത്തിരിക്കേണ്ടി വരും.
ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഇത് തികച്ചും ശരിയായ തീരുമാനമാണെന്ന് ബഹിരാകാശ സഞ്ചാരികളെ സ്പേസ് എക്‌സിന്‍റെ പേടകത്തില്‍ തിരിച്ചെത്തിക്കാനുളള തീരുമാനത്തെ കുറിച്ച് നാസയുടെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർ ജിം ഫ്രീ പറഞ്ഞു. നാസ ശരിയായ തെരഞ്ഞെടുപ്പ് നടത്തിയെന്ന് എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് എഞ്ചിനീയർ ജാൻ ഓസ്ബർഗും പറഞ്ഞു.