കേരളം

kerala

ETV Bharat / international

ശ്രീലങ്കയിൽ വീണ്ടും ഇടത് തരംഗം; ആരാണ് ശ്രീലങ്കയെ ചുവപ്പിച്ച ദിസനായകെ...? - WHO IS ANURA DISSANAYAKE

അഴിമതി വിരുദ്ധ നേതാവെന്ന പ്രതിച്‌ഛായയാണ് ദിസനായകെയ്ക്ക് ലങ്കയിലുള്ളത്. 56-കാരനായ ദിസനായകെ എകെഡി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

SRI LANKA ELECTION RESULT  SRI LANKA LEFT GOVERNMENT  ANURA DISSANAYAKE  അനുര കുമാര ദിസനായകെ
File Photo: President Anura Kumara Dissanayake (AP)

By ETV Bharat Kerala Team

Published : Nov 15, 2024, 10:31 PM IST

കൊളംബോ: ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതുപക്ഷ സഖ്യത്തിന് വമ്പന്‍ ജയം. നവംബർ 14 ന് നടന്ന വോട്ടെടുപ്പിൻ്റെ അന്തിമ ഫലം വരുമ്പോൾ 225 അംഗ പാർലമെൻ്റിൽ 159 സീറ്റുകൾ നേടിയാണ് ഇടത് സഖ്യത്തിന്‍റെ ജയം.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ (മുൻ പ്രസിഡൻ്റ് രണസിംഗെ പ്രേമദാസയുടെ മകൻ) പാർട്ടിയായ സമാഗി ജന ബലവേഗയ (എസ്‌ജെബി) 40 സീറ്റുകൾ നേടി. മുൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻഡിഎഫ്) സഖ്യം വെറും അഞ്ച് സീറ്റുകളിൽ ഒതുങ്ങി. SLPP മൂന്ന് സീറ്റുകൾ നേടിയപ്പോൾ തമിഴരുടെ പാർട്ടിയായ ITAK എട്ട് സീറ്റുകളിൽ വിജയിച്ചു,

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആരാണ് അനുര കുമാര ദിസനായകെ?

അഴിമതി വിരുദ്ധ നേതാവെന്ന പ്രതിച്‌ഛായയാണ് അനുര കുമാര ദിസനായകെയ്ക്ക് ദ്വീപ് രാഷ്‌ട്രത്തിലുള്ളത്. 56-കാരനായ ദിസനായകെ എകെഡി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.വടക്കൻ മധ്യ പ്രവിശ്യയിലെ തമ്പുട്ടേഗമ ഗ്രാമത്തിൽ ജനിച്ച ദിസനായകെ കൊളംബോ സബർബൻ കെലാനിയ സർവകലാശാലയിൽ നിന്ന് ശാസ്‌ത്രത്തില്‍ ബിരുദമെടുത്തു. 1987-ൽ ഇന്ത്യ വിരുദ്ധ കലാപം കൊടുംപിരികൊണ്ട് നില്‍ക്കുന്ന കാലത്ത് എൻപിപിയുടെ മാതൃ പാർട്ടിയായ ജെവിപിയിൽ അംഗമായി. 1987-ലെ ഇന്തോ-ലങ്കാ കരാറിനെ പിന്തുണച്ച എല്ലാ ജനാധിപത്യ പാർട്ടികളിലെയും പ്രവർത്തകരെ ജെവിപി പുറത്താക്കിയിരുന്നു.

രാജ്യത്ത് രാഷ്‌ട്രീയ സ്വയംഭരണത്തിനുള്ള തമിഴ് ആവശ്യം പരിഹരിക്കാന്‍ ഇന്ത്യയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു രാജീവ് ഗാന്ധി - ജെ ആർ ജയവർധന ഉടമ്പടി. ഇന്ത്യൻ ഇടപെടലിനെ ശ്രീലങ്കയുടെ പരമാധികാര വഞ്ചനയെന്നാണ് ജെവിപി വിശേഷിപ്പിച്ചത്. എന്നിരുന്നാലും ഈ വർഷം ഫെബ്രുവരിയില്‍ ദിസനായകെ ഇന്ത്യ സന്ദർശിച്ചത് വിദേശ നിക്ഷേപ താത്പര്യങ്ങളില്‍ എന്‍പിപിയ്ക്ക് ഇന്ത്യയോടുള്ള സമീപന മാറ്റമായാണ് വിലയിരുത്തുന്നത്.

തൊണ്ണൂറുകളുടെ അവസാനത്തിൽ ജെവിപി ജനാധിപത്യ രാഷ്‌ട്രീയം ഏറ്റെടുത്തതോടെ ദിസനായക്ക് ജെവിപി കേന്ദ്ര കമ്മിറ്റിയിൽ ഇടം ലഭിച്ചു. 2000-ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജെവിപിയിൽ നിന്ന് പാർലമെന്‍റലെത്തി. 2001 മുതൽ ദിസനായകെ സജീവമായി പ്രതിപക്ഷത്തുണ്ട്.

2004 ലെ തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യം ചേര്‍ന്ന് കുരുനാഗലയുടെ വടക്കുപടിഞ്ഞാറൻ ജില്ലയിൽ നിന്ന് ദിസനായകെ വീണ്ടും പാർലമെന്‍റിലെത്തി. അന്ന് കൃഷിമന്ത്രിയായി നിയമിതനായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എൽഎൽടിഇയുമായി ചേര്‍ന്ന് 2004-ലെ സുനാമി ദുരിതാശ്വാസ സഹായം വിമതര്‍ കയ്യടക്കിയിരുന്ന വടക്ക് ഭാഗത്തിന് നല്‍കിയതോടെയാണ് ജെവിപി സർക്കാർ ബന്ധം അവസാനിക്കുന്നത്. 2008-ൽ ദിസനായകെ ജെവിപിയുടെ പാർലമെന്‍ററി ഗ്രൂപ്പ് നേതാവായി. വീണ്ടും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2010-ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൊളംബോ ജില്ലയിൽ നിന്ന് വിജയിച്ചു. 2014-ൽ പാർട്ടിയുടെ തലവനായി. 2015-ൽ കൊളംബോയിൽ നിന്ന് വീണ്ടും വിജയിച്ച അദ്ദേഹം പ്രതിപക്ഷത്തിന്‍റെ ചീഫ് വിപ്പായി. 1971 ലും 1987-1990 കാലത്തിന് ഇടയിലും സർക്കാരുകളെ അട്ടിമറിക്കുന്നതിന് പാർട്ടി രണ്ട് കലാപങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എന്നാല്‍ ഓരോ തവണയും ഭരണകൂടം ഇതിനെ അടിച്ചമർത്തി.

ദിസനായകെ (Facebook@Anura Kumara Dissanayake)

2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് വെറും 418,553 വോട്ടുകൾ (3%) മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. .

2024 പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്

2023 ഓഗസ്‌റ്റ് 29-ന് ദിസനായകെ 2024 -ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എന്‍പിപി പ്രഖ്യാപിച്ചു. തുടർന്ന് ഇക്കഴിഞ്ഞ സെപ്‌തംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ദിസനായകെ 42.31% വോട്ടുകൾ നേടി, എസ്ജെബി സ്ഥാനാർഥി സജിത് പ്രേമദാസയ്ക്ക് 32.76% വോട്ടാണ് ലഭിച്ചത്. സ്ഥാനാർഥികൾക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടന്നു. രണ്ടാമത്തെ വോട്ടെണ്ണലിന് ശേഷം 55.89% വോട്ട് നേടി ദിസനായകെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

2024 സെപ്‌റ്റംബർ 23-ന് പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ വെച്ച് ദിസനായകെ പ്രസിഡൻ്റായി സ്ഥാനാരോഹണം ചെയ്‌തു. പുതിയ സർക്കാർ രൂപീകരിക്കാൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തണം എന്ന സൂചനയും അദ്ദേഹം നൽകി. പിന്നാലെ ദിസനായകെ പാർലമെന്‍റ് പിരിച്ചുവിട്ടതോടെയാണ് 225 സീറ്റിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Also Read:

  1. ശ്രീലങ്കയില്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ മന്ത്രിസഭ യോഗം
  2. കമ്മ്യൂണിസ്‌റ്റുകാരനായ പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റിന് താത്പര്യം ഇന്ത്യയോടോ ചൈനയോടോ?; വിലയിരുത്തലുമായി ഡോ. ടിപി ശ്രീനിവാസന്‍
  3. ശ്രീലങ്കൻ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് നിർണായകമാകുന്നതെങ്ങനെ?

ABOUT THE AUTHOR

...view details