മാഡ്രിഡ്:സ്പെയിനിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 200 കടന്നതായി അധികൃതർ അറിയിച്ചു. വലൻസിയയിൽ മാത്രം 202 പേർ മരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. പല വീടുകളിലും ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുകയാണ്.
പലയിടങ്ങളിലും വൈദ്യുതിയോ വാർത്ത വിനിമയ സംവിധാനങ്ങളോ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ആയി വീശിയടിച്ച കൊടുങ്കാറ്റിൽ കനത്ത നാശനഷ്‌ടങ്ങളാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. വലൻസിയയിൽ കഴിഞ്ഞ 20 മാസത്തേക്കാൾ മഴ കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളിൽ ലഭിച്ചു.
ഇതിനെ തുടർന്നാണ് നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലായത്. വലൻസിയയിൽ 155, കാസ്‌റ്റില്ല ലാ മഞ്ച മേഖലയിൽ 2, അൻഡലൂഷ്യയിൽ 1 എന്നിങ്ങനെ 158 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. സുരക്ഷാ സേനയിലെ അംഗങ്ങളും സൈനികരും മേഖലയിൽ തെരച്ചിൽ തുടരുകയാണ്.