ന്യൂഡല്‍ഹി: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന കനേഡിയൻ മാധ്യമ റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇത്തരത്തിലുള്ള പരിഹാസ്യമായ പ്രസ്‌താവനകൾ അവഹേളനത്തോടെ തള്ളിക്കളയണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
തങ്ങൾ സാധാരണയായി മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ ഒരു പത്രത്തോട് നടത്തിയ ഇത്തരം പരിഹാസ്യമായ പ്രസ്‌താവനകൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള അപവാദ പ്രചാരണങ്ങൾ ഇതിനകം തന്നെ വഷളായ നമ്മുടെ ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതൽ നശിപ്പിക്കുകയേ ഉള്ളൂവെന്നും വിദേകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കനേഡിയൻ പത്രമായ ദ ഗ്ലോബ് ആൻഡ് മെയിലിലാണ് നിജ്ജാര്‍ കൊലപാതകത്തില്‍ മോദിക്കും പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നത്. ഈ റിപ്പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് രൺധീർ ജയ്‌സ്വാൾ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിനും വിദേശകാര്യ മന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്‌ക്കും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിജ്ജാര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒട്ടാവ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി തള്ളുകയും തുടർന്ന് ഹൈക്കമ്മിഷണറെ തിരികെ വിളിക്കുകയും ചെയ്‌തു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി കനേഡിയൻ സർക്കാരും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്‌ക്കെതിരെ കാനഡ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് നേരത്തെ പുറത്താക്കിയത്. ആക്‌ടിങ് ഹൈക്കമ്മിഷണർ സ്‌റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട്, ഫസ്‌റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്‌പുക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.
നിലവിലെ കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ ഹൈക്കമ്മിഷണറേയും മറ്റ് ഉദ്യോഗസ്ഥരേയും തിരിച്ചുവിളിക്കാൻ ഇന്ത്യന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുന്നു എന്നാണ് പത്രക്കുറിപ്പില്‍ ഇന്ത്യ അന്ന് വ്യക്തമാക്കിയത്. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കനേഡിയൻ സർക്കാർ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു
Read Also:ഫാസ്‌റ്റ് ട്രാക്ക് വിസ നിർത്തി കാനഡ; ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടിയാകും