ബ്രാറ്റിസ്‌ലാവ (സ്ലൊവാക്യ):അജ്ഞാതന്‍റെ ആക്രമണത്തില്‍ വെടിയേറ്റ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. സ്ലൊവാക്യയുടെ തലസ്ഥാന നഗരമായ ബ്രാറ്റിസ്‌ലാവയില്‍ നിന്നും 150 കിലോ മീറ്ററോളം വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഹാൻഡ്‌ലോവ നഗരത്തില്‍ വച്ച് ഇന്നലെയാണ് ഫികോയ്‌ക്കെതിരെ അക്രമി വെടിയുതിര്‍ത്തത്. വെടിയുതിർത്തയാളെ സംഭവസ്ഥലത്ത് വച്ചുതന്നെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും പരിക്കേറ്റ ഫികോയെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
59കാരനായ സ്ലൊവാക്യൻ പ്രധാനമന്ത്രിയ്‌ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫികോയുടെ വയറിലും തലയ്‌ക്കുമാണ് പരിക്ക്. അതേസമയം, ഫികോയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് ലോക നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ലോകമെമ്പാടുമുള്ള നേതാക്കള്‍ ആശംസിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രധാനമന്ത്രി റോബർട്ട് ഫികോ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയ്‌ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ റിപ്പോർട്ടുകൾ കേട്ട് താൻ പരിഭ്രാന്തനാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. തന്‍റെ ചിന്തകൾ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സ്ലൊവാക്യയിലെ ജനങ്ങൾക്കും ഒപ്പമാണ്. ഞങ്ങളുടെ എംബസി സ്ലൊവാക്യ സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും സഹായിക്കാൻ തയ്യാറാണെന്നും ബൈഡൻ പ്രസ്‌താവനയിൽ പറഞ്ഞു.
സ്ലൊവാക് പ്രധാനമന്ത്രി റോബർട്ട് ഫികോ വെടിയേറ്റതിനെതിരെ യുണൈറ്റഡ് സ്‌റ്റേറ്റ്സും അപലപിച്ചു. 'ഞങ്ങളുടെ ചിന്തകൾ അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും സ്ലൊവാക് ജനതയോടൊപ്പമുണ്ട്, അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു'- എന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. സംഭവത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
സ്ലൊവാക് പ്രധാനമന്ത്രിയ്‌ക്കെതിരെ നടന്ന ആക്രമണത്തിനെ "ഭീകരമായ കുറ്റകൃത്യം" എന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ വിശേഷിപ്പിച്ചത്. ഈ ക്രൂരമായ കുറ്റകൃത്യത്തിന് ഒരു ന്യായീകരണവുമില്ല. റോബർട്ട് ഫികോ ധീരനും ശക്തനുമായ മനുഷ്യനാണ് എന്ന് എനിക്കറിയാം. ഈ ഗുണങ്ങൾ വിഷമകരമായ സാഹചര്യത്തെ അതിജീവിക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്നും പുടിൻ പറഞ്ഞു. ഫികോ വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.