തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി വിധി. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്‌മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും കുറ്റക്കാരനാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. അതേസമയം, തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് സെഷൻസ് കോടതി ജഡ്‌ജി എ എം ബഷീർ അറിയിച്ചു. കൊലപാതകം (സെക്ഷൻ 302) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം ഗ്രീഷ്‌മ കുറ്റക്കാരിയാണെന്ന് കോടതി വ്യക്തമാക്കി. ഐപിസി സെക്ഷൻ 201 പ്രകാരമാണ് അമ്മാവൻ കുറ്റക്കാരനായത്.
വിശദാംശങ്ങള്‍ പ്രതികരണങ്ങള്‍
സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്. ഒന്നര വര്‍ഷത്തെ പ്രണയ ബന്ധത്തിനു ശേഷമായിരുന്നു കൊല നടത്തിയത്.കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും രണ്ടാം പ്രതി അമ്മ സിന്ധുവും മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായരുമായിരുന്നു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവരെ വെറുതെ വിട്ടത്. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ തെളിവ് നശിപ്പിക്കല്‍ കുറ്റം ചെയ്തതായി തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.കഷായത്തില്‍ കലര്‍ത്തിയ കീടനാശിനി നശിപ്പിച്ചതിനാണ് അമ്മയ്ക്കും അമ്മാവനുമെതിരെ കുറ്റം ചുമത്തിയത്.
അഞ്ഞൂറില്‍പ്പരം പേജുകളുള്ള വിധിന്യായമാണ് തയ്യാറാക്കിയത്. കോടതി വിധിയില്‍ പൂര്‍ണ സംതൃപ്തരാണെന്ന് ഷാരോണിന്‍റെ സഹോദരന്‍ പ്രതികരിച്ചു. ശിക്ഷ വിധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സഹോദരന്‍ ഷിമോന്‍ രാജ് പറഞ്ഞു. " ആറു മാസത്തോളം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നത്. ഗ്രീഷ്മയുടെ അമ്മയെക്കൂടി ശിക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്.".
അതേ സമയം ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണെന്നായിരുന്നു വിധി കേട്ട ശേഷം ഷാരോണിന്‍റെ മതാ പിതാക്കള്‍ പ്രതികരിച്ചത്." അവരും കൂടി ചേര്‍ന്നാണ് കൊല ചെയ്തത്. അവര്‍ക്കും ശിക്ഷ കൊടുക്കണമായിരുന്നു. നാളെ ശിക്ഷാ വിധി വന്ന ശേഷം ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കും. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷ" ഷാരോണിന്‍റെ മാതാപിതാക്കള്‍ പ്രതികരിച്ചു.
തട്ടിക്കൊണ്ടുപോകല്‍ വിഷം നല്‍കി കൊലപാതകം നടത്തിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും ആണ് ഗ്രീഷ്മയെ കുറ്റക്കാരിയായി കണ്ടെത്തിയത്.
"സങ്കീര്‍ണമായ കേസായിരുന്നു.വെല്ലുവിളികള്‍ നിരവധിയുണ്ടായിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജയം കണ്ടത്. മൂന്നു പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളായിരുന്നു നിരത്തിയത്.ഇനിയുള്ള കാര്യങ്ങള്‍ പ്രോസിക്യൂട്ടറുമായി ആലോചിച്ച് തീരുമാനിക്കും. കേരളത്തിലാണോ തമിഴ്നാട്ടിലാണോ കൊല നടന്നത് എന്ന സംശയം വരെ ഉണ്ടായിരുന്നു. " അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ ക്രൈ ബ്രാഞ്ച് ഡി വൈ എസ് പി കെജെ ജോണ്‍സണ്‍ പറഞ്ഞു.
"വിഷം കൊടുത്തു കൊന്നെങ്കിലും വിഷാംശം വസ്തരത്തിലോ ശരീരത്തിലോ നിന്ന് ലഭിക്കാത്തത് വലിയ വെല്ലുവിളിയായിരുന്നു.ശാസ്ത്രീയ തെളിവുകളിലൂടെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണങ്ങളിലൂടെയും സാഹചര്യത്തെളിവുകളിലൂടെയും മൊഴികളിലൂടെയും ഒക്കെയാണ് കേസ് തെളിയിക്കാനായത്.ലഭ്യമായ എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. " വിനീത് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കുറ്റക്കാരിയെന്ന് കണ്ടതിനെത്തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയ ശേഷം ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടു പോയി.
ക്രൂരകൃത്യം ഇങ്ങനെ: 2022 ഒക്‌ടോബർ 14ന് ആണ് സംഭവം. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ പദ്ധതിയിടുകയായിരുന്നു.
ആദ്യം ജ്യൂസ് ചലഞ്ച് നടത്തി. പാരസെറ്റാമോള്‍ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചായിരുന്നു ആദ്യ ശ്രമം. ദേഹാസ്വസ്ഥ്യമുണ്ടായെങ്കിലും അന്ന് ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീട് വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ക്രൂരത. കഷായത്തിൽ കീടനാശിനി കലർത്തി കൊടുക്കുകയാണ് ഗ്രീഷ്‌മ ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത് കഴിച്ച് ദേഹാസ്വസ്ഥ്യമുണ്ടായ ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11 ദിവസം ചികിത്സയിലായിരുന്നു ഷാരോണ്‍. ആന്തരികാവയവങ്ങൾ തകർന്ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി.
മജിസ്‍ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്‌ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ഷാരോണിന്‍റെ മരണ ശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്‌ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. ശേഷം പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തപ്പോള്‍ ഗ്രീഷ്‌മ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും നിർമ്മല കുമാരൻ നായരെയും കേസിൽ പ്രതി ചേർത്തത്.
പൊലീസ് കസ്‌റ്റഡിയിലിരിക്കെ ഗ്രീഷ്‌മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു ഗ്രീഷ്‌മ ജാമ്യത്തിൽ ഇറങ്ങിയത്.
2023 ജനുവരി 25ന് ആണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് കുറ്റപത്രം നൽകിയത്. 2024 ഒക്‌ടോബർ 15ന് തുടങ്ങിയ വിചാരണ 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ കോടതി വിസ്‌തരിച്ചത്.