സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ബാങ്കോക്ക് വിമാനത്താവളത്തിൽ ഇറക്കി. ശക്തമായ ചുഴിയിൽ അകപ്പെട്ട വിമാനം ആടിയുലഞ്ഞു.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട 777-300ER വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് പരിക്കുകളുണ്ടെന്ന് എയർലൈൻ സ്ഥിരീകരിച്ചു, വിമാനത്തിലെ യാത്രക്കാർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കമ്പനി അറിയിച്ചു.
'2024 മെയ് 20 ന് ലണ്ടനിൽ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റ് SQ321, ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട് 2024 മെയ് 21 ന് പ്രാദേശിക സമയം 03:45 ന് ലാൻഡ് ചെയ്‌തു', സിംഗപ്പൂർ എയർലൈൻസ് എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
മരിച്ചയാളുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തി, വിമാനയാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി.
Also Read:മോഷണം അങ്ങ് ആകാശത്ത്; 110 ദിവസം കൊണ്ട് 200 വിമാനയാത്ര, വിമാനത്തിൽ മാത്രം മോഷ്‌ടിക്കുന്ന കള്ളൻ ഒടുവില്‍ പിടിയിൽ