ധാക്ക / കൊൽക്കത്ത:ഭീകരർക്കും മതമൗലികവാദികൾക്കും നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്ന ഫാസിസ്റ്റ് ഭരണമാണ് ബംഗ്ലദേശിന്‍റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ് നടത്തുന്നതെന്ന് രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്‍റെ സർക്കാരിനെ പുറത്താക്കിയ കലാപത്തിന് പിന്നിലെ മാസ്റ്റർ മൈൻഡ് യൂനുസാണെന്നും ഹസീന ആരോപിച്ചു. ലണ്ടനിനുള്ള അവാമി ലീഗ് അനുഭാവികളുടെ സമ്മേളനത്തിൽ വെർച്വലായി പ്രസംഗിക്കുകയായിരുന്നു ഷെയ്‌ഖ് ഹസീന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഹമ്മദ് യൂനുസിനെയും കൂട്ടാളികളെയും ബംഗ്ലാദേശ് നിയമപ്രകാരം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങള്‍ യൂനസ് സര്‍ക്കാര്‍ കാരണമാണ് എന്നും അവര്‍ കുറ്റപ്പെടുത്തി.
'ആഗസ്റ്റ് 5 മുതൽ ഹിന്ദുക്കളുടെയും ക്രിസ്‌ത്യനികളുടെയും ബുദ്ധമതക്കാരുടെയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വ്യാപകമാണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. പുതിയ ഭരണത്തിന് കീഴിൽ ജമാഅത്തും തീവ്രവാദികളും സ്വതന്ത്രമായി അഴിഞ്ഞാടുകയാണ്.'- ഷെയ്‌ഖ് ഹസീന പറഞ്ഞു.
ബംഗ്ലാദേശ് സ്റ്റുഡന്‍റ്സ് ലീഗിന്‍റെയും ബംഗ്ലാദേശ് അവാമി ലീഗിന്‍റെയും ഫേസ്ബുക്ക് പേജിലാണ് ഹസീനയുടെ ശബ്‌ദരേഖ പുറത്തുവന്നത്.
'ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിയ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പിടിയിലാണ് ബംഗ്ലാദേശ്. ദാരിദ്ര്യ ലഘൂകരണം, അടിസ്ഥാന സൗകര്യ വികസനം, ജനാധിപത്യം ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ നമ്മുടെ ഗവൺമെന്‍റിന്‍റെ നേട്ടങ്ങൾ യൂനസിന്‍റെ നേതൃത്വത്തിൽ ഇല്ലാതാക്കുകയാണ്'- ഹസീന പ്രസംഗത്തിൽ പറഞ്ഞു.
ബംഗ്ലാദേശ് പാർലമെന്‍റ് ആക്രമണത്തിലും തീവപ്പിലും കൊലപാതകങ്ങളിലും ഉൾപ്പെട്ടവരടക്കമുള്ള തീവ്രവാദികൾക്കും കുറ്റവാളികൾക്കും യൂനുസ് സർക്കാർ മാപ്പ് നൽകുകയാണ്. ആരും നിയമത്തിൽ നിന്ന് രക്ഷപ്പെടില്ലെന്നും ഷെയ്‌ഖ് ഹസീന പറഞ്ഞു.
ബംഗ്ലാദേശിലെ പ്രക്ഷേഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷെയ്‌ഖ് ഹസീന നിലവില്‍ ഇന്ത്യയിൽ താമസിച്ച് വരികയാണ്. അതേസമയം, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ന് ധാക്ക സന്ദർശിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ ചര്‍ച്ച ചെയ്യാനാണ് വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലെത്തിയത്.
Also Read: ബംഗ്ലാദേശിലെ നൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം; ചിൻമോയ് കൃഷ്‌ണ ദാസിന്‍റെ അറസ്‌റ്റിനെ അപലപിച്ച് കാന്തപുരം