കീവ്:റഷ്യൻ ബോംബാക്രമണത്തിൽ യുക്രെയ്‌നിൽ 13 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുക്രെയ്‌ന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി. മരിച്ചവരുടെ കുടുംബത്തിന് വോളോഡിമർ സെലെൻസ്‌കി അനുശോചനം അറിയിച്ചു. ഇന്നലെയാണ് (ജനുവരി 8) യുക്രെയ്‌നിൽ റഷ്യ ബോംബാക്രമണം നടത്തിയത്.
ബോംബാക്രമണത്തിന്‍റെ ദൃശ്യങ്ങൾ സെലെൻസ്‌കി എക്‌സിലൂടെ പങ്കിട്ടു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ജനങ്ങളെ രക്ഷിക്കാൻ വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നുണ്ടെന്ന് വോളോഡിമർ സെലെൻസ്‌കി എക്‌സിൽ കുറിച്ചു. 'യുക്രൈയ്‌നിലെ സപോരിഷിയയിൽ റഷ്യക്കാർ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. റഷ്യ മനഃപൂർവം നടത്തിയ ആക്രമണമാണിതെന്ന്,' അദ്ദേഹം വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബത്തിന് തന്‍റെ അനുശോചനം അറിയിക്കുന്നുവെന്ന് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കുന്നത് വളരെ ക്രൂരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ക്രൂരതകൾ അവസാനിപ്പിക്കണമെന്നും, യുക്രെയ്‌നിലെ ജീവനുകളുടെ സംരക്ഷണത്തിന് പിന്തുണ നൽകണമെന്നും വോളോഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. യുക്രൈയ്‌നിലെ ജനങ്ങൾക്ക് ആവശ്യം സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം യുക്രെയ്‌നിൽ നടന്ന ആക്രമണത്തിൽ ബഹുനില റെസിഡൻഷ്യൽ ബ്ലോക്കുകൾ, ഒരു വ്യാവസായ ഫെസിലിറ്റി എന്നിവയ്ക്കടക്കം കേടുപാടുകൾ സംഭവിച്ചതായി യുക്രെയ്‌ൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് അറിയിച്ചു. ഇന്നലെ നഗരത്തിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ റഷ്യൻ സൈന്യം ഗൈഡഡ് ബോംബുകൾ വർഷിച്ചതായും ആക്രമണത്തിൽ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർന്നതായും റീജിയണൽ ഗവർണർ ഇവാൻ ഫെഡോറോവ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം റഷ്യൻ സൈന്യത്തിന്റെ സുപ്രധാന ഇന്ധന സംഭരണ കേന്ദ്രം യുക്രെയ്‌ൻ തകർത്തിരുന്നു. റഷ്യയിലെ സരതോവ് മേഖലയിലെ ഏംഗൽസിനടുത്തുള്ള കേന്ദ്രമാണ് ആക്രമണത്തിൽ തകർന്നത്. യുക്രെയ്‌ൻ അതിർത്തിയിൽ നിന്ന് 600 കിലോമീറ്ററോളം അകലെയാണ് ഈ കേന്ദ്രം.