ടെൽഅവീവ്: വടക്കൻ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്‌ബുള്ള. രാജ്യത്ത് നടന്ന രണ്ട് വ്യത്യസ്‌ത റോക്കറ്റ് ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിൽ കുറേ നാളുകൾക്ക് ശേഷമുണ്ടായ മാരകമായ ആക്രമണമാണിതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
ലെബനന്‍ അതിര്‍ത്തിയിലുള്ള മെതുല പട്ടണത്തിന് സമീപം റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. അതേസമയം ഹിസ്‌ബുള്ളയുടെ ആക്രമണത്തിൽ ഹൈഫയുടെ പ്രാന്തപ്രദേശത്തുള്ള കിബ്ബട്ട്‌സ് അഫെക്കിന് സമീപം 60 വയസുള്ള ഒരു സ്‌ത്രീയും 30 വയസുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടതായി ഇസ്രയേലി എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) സ്ഥിരീകരിച്ചു. "ഇന്ന് ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. നിരപരാധികളായ ഏഴ് സാധാരണക്കാരെയാണ് അവർ കൊന്നത്. ഹിസ്ബുള്ളയുടെ മാരകമായ ആക്രമണങ്ങൾക്കെതിരെ ഞങ്ങൾ പ്രവർത്തിക്കും" എന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
ആക്രമണസമയത്ത് തോട്ടത്തിൽ ജോലി ചെയ്‌തിരുന്ന കർഷകത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അവരിൽ ഒരാൾ ഇസ്രയേൽ പൗരനും മറ്റുള്ളവർ വിദേശികളുമായിരുന്നു. ഹിസ്ബുള്ളയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യുഎസിന്‍റെ രണ്ട് പ്രത്യേക പ്രതിനിധികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ജറുസലേമിലെത്തി കാണുന്നതിനിടെയാണ് റോക്കറ്റ് ആക്രമണം നടന്നത്.