ഒഡേസ :റഷ്യൻ മിസൈൽ ആക്രമണത്തിൽ കരിങ്കടൽ തുറമുഖ നഗരമായ ഒഡേസയിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സ്ഥിരീകരിച്ച് യുക്രേനിയൻ അധികൃതർ. യുക്രെയിനിലെ പ്രോസിക്യൂട്ടർ ജനറൽ പുറത്തുവിട്ട വീഡിയോയിൽ കടൽത്തീരത്ത് നിരവധി ബോംബുകൾ തുടർച്ചയായി പൊട്ടിത്തെറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ട്.
സ്‌കോട്ടിഷ് വാസ്‌തുവിദ്യ ശൈലിയുമായി സാമ്യമുള്ളതിനാൽ "ഹാരി പോട്ടർ കാസിൽ" എന്ന് വിളിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനവും ആക്രമണത്തിൽ തകർന്നു. ഉദ്യോഗസ്ഥർ പ്രചരിപ്പിച്ച ചിത്രങ്ങളിൽ, ഗംഭീരമായ കോൺ ആകൃതിയിലായിരുന്ന ഗോപുരങ്ങളെ അഗ്നിജ്വാലകൾ വിഴുങ്ങുന്നത് ദൃശ്യമാണ്. യുക്രേനിയൻ അധികൃതർ പറയുന്നതനുസരിച്ച്, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾക്കൊപ്പം ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈലുകളും (Iskander ballistic missile) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിശാലമായ ചുറ്റളവിൽ ചിതറിക്കിടക്കുന്ന മിസൈൽ അവശിഷ്‌ടങ്ങളും ലോഹ ശകലങ്ങളും വീണ്ടെടുത്തതായി പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ വെളിപ്പെടുത്തി.
അതേസമയം പരിക്കേറ്റവരിൽ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. കൂടാതെ 20 ഓളം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ നാശനഷ്‌ടങ്ങളും സംഭവിച്ചിട്ടുണ്ട്. ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ കൺവെൻഷനിൽ പറഞ്ഞിരിക്കുന്ന അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നത് കൂടിയാണ് റഷ്യൻ ആക്രമണം.