കീവ് (യുക്രെയ്‌ന്‍) : യുക്രെയ്‌നിലെ വലിയ രണ്ടാമത്തെ നഗരമായ ഖര്‍കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്നലെ (ഏപ്രില്‍ 6) ആയിരുന്നു ആക്രമണം. ബോംബുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത് എന്നാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം.
അതേസമയം, ആക്രമണത്തിന് റഷ്യ ഡ്രോണുകള്‍ ഉപയോഗിച്ചതായി യുക്രെയ്‌ന്‍ പൊലീസും പറയുന്നു. നഗരത്തിലെ തെരരുവുകളിലും കെട്ടിടങ്ങള്‍ക്ക് സമീപവും നടന്ന ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പൊലീസും പ്രാദേശിക ഭരണകൂടവും പുറത്തുവിട്ടിട്ടുണ്ട്.
'ആക്രമണം ജനവാസ മേഖലയെ ബാധിച്ചിട്ടുണ്ട്. ഒന്‍പത് ബഹുനില കെട്ടിടങ്ങള്‍, മൂന്ന് ഡോര്‍മെറ്ററികള്‍, നിരവധി അഡ്‌മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്ങുകള്‍, കട, പെട്രോള്‍ സ്റ്റേഷന്‍, സര്‍വീസ് സ്റ്റേഷന്‍ എന്നിവ തകര്‍ന്നു. കൂടാതെ കാറുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്' -ഖര്‍കീവ് മേയര്‍ ഇഗോര്‍ തെരെഖോവ് വ്യക്തമാക്കി.
ആക്രമണത്തിനിടെ റഷ്യയുടെ മൂന്ന് മിസൈലുകള്‍, 28 ഡ്രോണുകള്‍ എന്നിവ വ്യോമ സേന വെടിവച്ചിട്ടതായി യുക്രേനിയന്‍ സൈന്യം അറിയിച്ചു. ശനിയാഴ്‌ച അര്‍ധ രാത്രിയോടെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഖര്‍കീവിലും തലസ്ഥാന നഗരമായ കീവിലും വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 30 കി.മീ അകലം മാത്രമാണ് ആക്രമണം നടന്ന ഖര്‍കീവിലേക്ക് ഉള്ളത്.
യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേഷം ആരംഭിച്ചത് മുതല്‍ പതിവായി ആക്രമണം നേരിടുന്ന മേഖലകൂടിയാണ് ഖര്‍കീവ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നഗരത്തില്‍ ആക്രമണം കൂടുതല്‍ ശക്തമാണ്. ഇക്കഴിഞ്ഞ ബുധനാഴ്‌ച ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.