കീവ്: ചെർണോബിൽ ആണവ നിലയത്തിന്‍റെ സംരക്ഷണ ഷെല്ലിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയെന്ന യുക്രെയ്‌നിന്‍റെ ആരോപണം തള്ളി റഷ്യ. റഷ്യ ആണവോർജ്ജ സൗകര്യങ്ങൾ ആക്രമിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യന്‍ സൈന്യം അങ്ങനെ ചെയ്യില്ലെന്നും പെസ്‌കോവ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരുമായുള്ള കോൺഫറൻസിലാണ് പെസ്കോവിന്‍റെ വിശദീകരണം.
ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് യുക്രെയ്‌ന്‍ ആക്രമണത്തിന്‍റെ കഥകള്‍ മെനയുന്നത് എന്നും പെസ്കോവ് ആരോപിച്ചു. സമാധാന കരാറിലെത്തുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ലാളാഡിമിര്‍ പുടിനുമായി സംസാരിക്കുമെന്ന് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഒരു ചർച്ച ആരംഭിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുന്നവർ (യുക്രേനിയൻ സർക്കാരിൽ) ഉണ്ടെന്ന് വ്യക്തമാണ്. ഈ പ്രക്രിയയെ തടസ്സപ്പെടുത്താൻ അവർ എന്തും ചെയ്യുമെന്നും വ്യക്തമാണ്.' പെസ്കോവ് പറഞ്ഞു. കീവ് മേഖലയിലെ ചെർണോബിൽ ആണവ നിലയത്തിന്‍റെ സംരക്ഷണ കണ്ടെയ്ൻമെന്‍റ് ഷെല്ലിൽ വ്യാഴാഴ്‌ച രാത്രി സ്ഫോടക വസ്‌തുക്കളുമായി റഷ്യന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുക്രേനിയൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലെൻസ്‌കി പറഞ്ഞിരുന്നു.