വാഷിങ്‌ടൺ: നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ സഖ്യം നെടുകേ പിളര്‍ന്നെന്ന് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിയര്‍ക്കുന്നത് എല്ലാവരും കാണുമെന്നും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞു. യുഎസിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'മിസ്റ്റർ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച സഖ്യം തകർന്നു എന്നതാണ് ഇന്ത്യയിലെ യാഥാര്‍ഥ്യം. സഖ്യം നെടുകേ തന്നെ പിളര്‍ന്നു. അതിനാൽ അവർ വിയര്‍ക്കുന്നത് ഈ തെരഞ്ഞെടുപ്പുകളിൽ നിങ്ങൾക്ക് കാണാം. കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് മോദി സർക്കാർ ഭരിക്കുന്നത് എന്ന ആശയം ഇല്ലാതായെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പരസ്‌പര ബഹുമാനം നിലയിര്‍ത്തിയല്ല നടന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കനത്ത നിയന്ത്രണത്തിലുള്ള ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ന്യായമായ തെരഞ്ഞെടുപ്പാണ് നടന്നിരുന്നതെങ്കില്‍ ബിജെപി 240 സീറ്റുകളിലേക്ക് എത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടായതായും രാഹുല്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മിഷൻ അവർക്കാവശ്യമുള്ളത് ചെയ്യുകയായിരുന്നു. വിവിധ സംസ്ഥാനങ്ങൾക്ക് വ്യത്യസ്‌ത ഡിസൈന്‍ നല്‍കി, മോദിക്ക് രാജ്യത്തുടനീളം തന്‍റെ അജണ്ട നടപ്പിലാക്കാൻ പാകത്തിനാണ് മുഴുവൻ പ്രചാരണവും ക്രമീകരിച്ചിരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ മുഴുവനും മരവിപ്പിക്കപ്പെട്ട നിലയിലാണ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പ്രധാനമന്ത്രി ഇപ്പോള്‍ മാനസിക പ്രതിസന്ധിയിലായിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. വര്‍ഷങ്ങളോളം ഗുജറാത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും മോദി ഇത്തരത്തില്‍ രാഷ്‌ട്രീയ പ്രതിസന്ധി നേരിട്ടിട്ടില്ല. പെട്ടെന്നുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി മോദിയെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാൻ ദൈവത്തോട് നേരിട്ട് സംസാരിക്കുന്നു, ഞാൻ പ്രത്യേകതയുള്ളവനാണ്, ഞാൻ അതുല്യനാണ് എന്നൊക്കെ മോദി പറയുമ്പോള്‍ ഈ മാനസിക സംഘര്‍ഷമാണ് വെളിവാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ശനിയാഴ്‌ച യുഎസിലെത്തിയ രാഹുല്‍ ഗാന്ധി, ടെക്‌സാസിലെ ഡാളസിൽ ഇന്ത്യൻ പ്രവാസികളും യുവാക്കളുമായി സംവദിച്ചു. സന്ദര്‍ശനവേളയില്‍ വാഷിംഗ്‌ടൺ ഡിസിയിൽ നിയമനിർമ്മാതാക്കള്‍ യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ കാണാനും പദ്ധതിയുണ്ട്.
Also Read:ഇന്ത്യയില്‍ സംവരണം എന്ന് അവസാനിപ്പിക്കും?; ഉത്തരം നല്‍കി രാഹുല്‍ ഗാന്ധി