വില്‍മിങ്ടണ്‍ (അമേരിക്ക) : മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ എല്ലാ രാജ്യങ്ങളും ബഹുമാനിക്കണമെന്ന് ചൈനയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ക്വാഡ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ അസ്വസ്ഥതകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സഖ്യത്തിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി. ലോകം സംഘര്‍ഷങ്ങള്‍ക്ക് നടുവിലായിരിക്കുമ്പോഴാണ് ഉച്ചകോടി എന്നതും ശ്രദ്ധേയമാണ്. സഖ്യം ആര്‍ക്കും എതിരല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണ് ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മോദി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ സംബന്ധിച്ചു.
എല്ലാവരെയും സഹായിക്കാനും പങ്കാളിയാകാനും എല്ലാം ക്വാഡ് ഉണ്ട്. നമുക്ക് ഒരുമിച്ച് പല മികച്ച കാര്യങ്ങളും ചെയ്യാനാകും. ആരോഗ്യ സുരക്ഷ, പുതു സാങ്കേതികതകള്‍, കാലാവസ്ഥ വ്യതിയാനം, ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ നമുക്ക് ഒരുമിച്ച് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021ലെ ആദ്യ ക്വാഡ് ഉച്ചകോടിയേയും അദ്ദേഹം ഓര്‍മിച്ചു. ജോ ബൈഡന്‍ തന്നെ ആയിരുന്നു ആ ഉച്ചകോടിയിലും ആതിഥേയത്വം വഹിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തങ്ങള്‍ മുന്‍പില്ലാത്ത വിധം എല്ലാ മേഖലകളിലും തങ്ങളുടെ സഹകരണം വ്യാപിപ്പിച്ചു. ബൈഡന്‍റെ പ്രതിബദ്ധത, നേതൃത്വം, ക്വാഡിന് നല്‍കുന്ന സംഭാവന എന്നിവയ്ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.