ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനം ഇന്ന് (ഫെബ്രുവരി 10) തുടങ്ങും. യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ന് വൈകിട്ട് ഫ്രാന്‍സില്‍ എത്തുന്ന അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് നാളെ (ഫെബ്രുവരി 11) നടക്കുന്ന എഐ ഉച്ചകോടിയിലും അദ്ദേഹം മക്രോണിനൊപ്പം പങ്കെടുക്കും. തുടര്‍ന്ന് മാര്‍സെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇരുവരും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്യും.
ശേഷം ബുധനാഴ്‌ച (ഫെബ്രുവരി 12) ഫ്രാന്‍സില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഫെബ്രുവരി 13ന് വൈറ്റ് ഹൗസില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണിത്. ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ തിരിച്ചയച്ച സംഭവം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായേക്കും.