ന്യൂഡൽഹി:തായ്‌ലൻഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പയേതുങ്താൻ ഷിനവത്രയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയകരമായ ഭരണത്തിന് ആശംസകൾ നേർന്ന മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പയേതുങ്താൻ ഷിനവത്രയ്ക്ക്‌ക്കൊപ്പം പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
ഇതു സംബന്ധിച്ച് നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. "തായ്‌ലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പയേതുങ്താൻ ഷിനവത്രയ്ക്ക് അഭിനന്ദനങ്ങൾ. വളരെ വിജയകരമായ ഒരു ഭരണകാലത്തിന് ആശംസകൾ. നാഗരികം, സാംസ്‌കാരികം, പൗരൻമാർക്കിടയിലെ ബന്ധം എന്നിവയുടെ അടിത്തറ ശക്തിപെടുത്തികൊണ്ട് ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" - പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകളാണ് പയേതുങ്താൻ ഷിനവത്ര. നിലവിലെ പ്രധാനമന്ത്രിയായിരുന്നു സ്രദ്ദ തവിസിനെ അഴിമതികേസിൽ കോടതി പുറത്താക്കിരുന്നു. തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി തായ് രാഷ്ട്രീയത്തിലുണ്ടായ വഴിത്തിരിവുകൾക്ക് ശേഷമാണ് പയേതുങ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.