സിംഗപ്പൂര്‍ സിറ്റി: കഴിഞ്ഞാഴ്‌ച നടന്ന മന്ത്രിതല വട്ടമേശ സമ്മേളനത്തില്‍ കൊണ്ടുവന്ന അജണ്ടകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ കൂടുതല്‍ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ശിപാക് അമ്പ്യൂളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനം അതീവ പ്രാധാന്യമുള്ളതെന്നും അദ്ദേഹം എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് സിംഗപ്പൂരിലെ ഇന്ത്യന്‍ സ്ഥാനപതിയായി അദ്ദേഹം ചുമതലയേറ്റത്.
മോദി മൂന്നാം വട്ടം അധികാരത്തിലേറിയതിന്‍റെ ആദ്യഘട്ടത്തിലും സിംഗപ്പൂരില്‍ പുതിയ പ്രധാന മന്ത്രി ലോറന്‍സ് വോങ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയുമാണ് ഈ സന്ദര്‍ശനമെന്നതും ശ്രദ്ധേയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുത്തന്‍ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സന്ദര്‍ശനം സഹായകമാകും.
കഴിഞ്ഞാഴ്ച നാല് മന്ത്രിമാരാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് സിംഗപ്പൂരില്‍ വട്ടമേശ സമ്മേളനത്തിന് എത്തിയത്. ധനകാര്യമന്ത്രി, വിദേശകാര്യമന്ത്രി, വാണിജ്യമന്ത്രി, റെയില്‍വേമന്ത്രി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സിംഗപ്പൂരിന്‍റെ ഭാഗത്ത് നിന്ന് ആറ് മന്ത്രിമാരും ചര്‍ച്ചകളില്‍ പങ്കെടുത്തു. നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലേക്ക് വേണ്ട അജണ്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു ഈ മന്ത്രിതല ചര്‍ച്ചകളിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൈസേഷന്‍, നൈപുണ്യ വികസനം, സുസ്ഥിരത, ആരോഗ്യം, ഉത്പാദനവും ബന്ധിപ്പിക്കലും തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്‌പര ഇടപെടലുകള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ മാസം 26നായിരുന്നു മന്ത്രിതല ചര്‍ച്ചകള്‍ നടന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിദേശനിക്ഷേപത്തില്‍ വലിയൊരു പങ്ക് സിംഗപ്പൂരില്‍ നിന്നാണ്. വാണിജ്യവും നിക്ഷേപവും ഒന്നിച്ച് പോയാല്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകും. കൂടുതല്‍ കൂടുതല്‍ സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കും. ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ്, വാണിജ്യ, റിയല്‍ എസ്റ്റേറ്റ് മേഖല, തുറമുഖം തുടങ്ങിയ മേഖലകളിലാകും ഇവരുടെ നിക്ഷേപം.