ന്യൂയോര്‍ക്ക്:പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്‌ച നടത്തി. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ പ്രതിബദ്ധരാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. അമേരിക്കൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള യുഎൻ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പരിപാടിക്കിടെയായിരുന്നു ഇരു ലോക നേതാക്കളും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്‌ച.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുനേതാക്കളും തമ്മില്‍ ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്‌ച നടത്തുന്നത്. യുക്രെയ്‌ൻ സന്ദര്‍ശനത്തിനിടെ തലസ്ഥാന നഗരമായ കീവില്‍ വച്ച് കഴിഞ്ഞ ഓഗസ്റ്റ് 23ന് മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് മുൻപ് ജൂണില്‍ ഇറ്റലിയിലെ അപുലിയയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയായിരുന്നു ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുഎന്‍ ഉച്ചകോടിക്കിടെ സെലൻസ്‌കിയെ കണ്ടതായും റഷ്യ-യുക്രെയ്‌ൻ സംഘര്‍ഷത്തില്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയതും സംബന്ധിച്ച് മോദി പിന്നീട് എക്‌സില്‍ കുറിച്ചു. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി ഇരുപക്ഷത്തെയും ഉള്‍പ്പെടുത്തിയുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രെയ്‌നുമായി നിരവധി മേഖലകളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
സെലന്‍സ്‌കിയും ചര്‍ച്ചകളെ സംബന്ധിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവച്ചു. സാധ്യമായ എല്ലാ അവസരങ്ങളിലും തങ്ങള്‍ ചര്‍ച്ച നടത്താറുണ്ടെന്നും സെലന്‍സ്‌കി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
യുക്രെയ്‌നിലെ സംഘര്‍ഷത്തില്‍ ഇന്ത്യ കാട്ടുന്ന അതീവ കരുതലിനെ സെലന്‍സ്‌കി അഭിനന്ദിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസും എക്‌സില്‍ കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ മാസം മോദി യുക്രെയ്‌ന്‍ സന്ദര്‍ശിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടാണ്ട് മുമ്പ് സ്വതന്ത്രമായ യുക്രയ്നിലേക്ക് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ശനിയാഴ്‌ചയാണ് പ്രധാനമന്ത്രി ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി വില്‍മിങ്ടണിലെത്തിയത്. അവിടെ വച്ച് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Also Read:ഇസ്രയേല്‍ വ്യോമാക്രമണം: ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി, മരിച്ചവരില്‍ 35 കുട്ടികള്‍