കേരളം

kerala

ETV Bharat / international

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്‌ച നടത്തും - PM MODI INVITED TO MEET TRUMP

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12, 13 തീയതികളിൽ അമേരിക്കയിലെത്തും.

PM MODI US VISIT DONALD TRUMP  PM MODI TALKS WITH TRUMP  പ്രധാനമന്ത്രി മോദി അമേരിക്കയിലേക്ക്  PM MODI IN WASHINGTON ON FEB 13
PM Modi with US President Donald Trump - File (ANI)

By ETV Bharat Kerala Team

Published : Feb 4, 2025, 9:49 AM IST

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ് ഹൗസില്‍ വച്ച് മോദി ട്രംപുമായി കൂടിക്കാഴ്‌ച നടത്തും.

വ്യാപാരം, പ്രതിരോധം, ഇറക്കുമതി തുടങ്ങിയ നിരവധി വിഷയങ്ങളിൽ മോദി ചർച്ച നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പദ്ധതി പ്രകാരം, രണ്ട് ദിവസത്തെ പാരീസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും മോദി വാഷിങ്ടൺ ഡിസിയിലേക്ക് പോവുക. ഫ്രാൻസിൽ 10, 11 തീയതികളിൽ നടക്കുന്ന എഐ (നിർമിത ബുദ്ധി) ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഫെബ്രുവരി 12ന് വൈകുന്നേരം പ്രധാനമന്ത്രി അമേരിക്കൻ തലസ്ഥാനത്ത് എത്തും. പിറ്റേ ദിവസം ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. നവംബറിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ജനുവരി 20ന് ട്രംപ് രണ്ടാം തവണയും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി യുഎസ് സന്ദർശനമാണിത്.

ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് ഇതുവരെ ഉഭയകക്ഷി സന്ദർശനം നടത്തിയിട്ടുള്ളത്. എന്നാൽ മോദിയുടെ സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുടിയേറ്റത്തോടും താരിഫുകളോടുമുള്ള യുഎസ് പ്രസിഡന്‍റിന്‍റെ സമീപനത്തിൽ ഇന്ത്യയിൽ ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ യുഎസ് സന്ദർശനം. കനേഡിയൻ, മെക്‌സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും ചൈനീസ് ഉത്‌പന്നങ്ങൾക്ക് 10 ശതമാനം അധിക നികുതിയും ഏർപ്പെടുത്തുമെന്ന് പ്രസിഡന്‍റ് ട്രംപ് ഞായറാഴ്‌ച (ഫെബ്രുവരി 2) പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞാഴ്‌ച, വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനായി വാഷിങ്ടണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ജനുവരി 27ന് നടന്ന ഒരു ഫോൺ സംഭാഷണത്തിൽ, വ്യാപാരം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യ യുഎസ് സഹകരണം വർധിപ്പിക്കുമെന്ന് മോദിയും ട്രംപും പ്രതിജ്ഞയെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

യുഎസ് നിർമിത സുരക്ഷാ ഉപകരണങ്ങളുടെ സംഭരണം ഇന്ത്യ വർധിപ്പിക്കേണ്ടതിന്‍റെയും ന്യായമായ ഉഭയകക്ഷി വ്യാപാര ബന്ധത്തിലേക്ക് നീങ്ങേണ്ടതിന്‍റെയും പ്രാധാന്യം ട്രംപ് ഊന്നിപ്പറഞ്ഞതായി ഫോൺ സംഭാഷണങ്ങൾക്ക് ശേഷം വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് - ഇന്ത്യ തന്ത്രപരമായ പങ്കാളിത്തവും ഇന്തോ - പസഫിക് ക്വാഡ് പങ്കാളിത്തവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

യുഎസുമായുള്ള ഊർജ്ജ ബന്ധം വികസിപ്പിക്കാനുള്ള താത്‌പര്യം ഇന്ത്യ ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ട്. ആണവ ബാധ്യതാ നിയമം ഭേദഗതി ചെയ്യാനും ആണവോർജ്ജ ദൗത്യം സ്ഥാപിക്കാനുമുള്ള പദ്ധതികൾ ശനിയാഴ്‌ച (ഫെബ്രുവരി 1) പ്രഖ്യാപിച്ചിരുന്നു. ചെറിയ മോഡുലാർ റിയാക്‌ടറുകളിൽ (എസ്എംആർ) യുഎസുമായി സിവിൽ ആണവ സഹകരണത്തിനുള്ള സാധ്യത ഇന്ത്യ പരിശോധിച്ചു വരികയാണ്.

Also Read:ഗാസയില്‍ വീണ്ടും ചോരക്കളം തീര്‍ക്കുമോ?; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്താൻ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

ABOUT THE AUTHOR

...view details