റഫ:ഗാസയിലെ പ്രധാന ആശുപത്രിയിയായ അല്‍ ശിഫയിലും പരിസരത്തും നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ റെയ്‌ഡിനെ തുടര്‍ന്ന് പലായനം ചെയ്‌ത പലസ്‌തീനികൾ അഭിമുഖങ്ങളിൽ തങ്ങള്‍ നേരിടുന്ന നരക യാതനകള്‍ വിവരിക്കുകയാണ്. അല്‍ ശിഫ ആശുപത്രിയില്‍ തിങ്കളാഴ്‌ച ആരംഭിച്ച റെയ്‌ഡിൽ 170 ലധികം തീവ്രവാദികളെ വധിക്കുകയും 480 ഓളം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.
ദിവസങ്ങളോളം അടുക്കളയിൽ ഒതുങ്ങിക്കൂടുകയായിരുന്നു എന്നും വെടിവെപ്പും സ്‌ഫോടനങ്ങളും കാരണം കെട്ടിടം പലതവണ കുലുങ്ങിയിരുന്നു എന്നും ആശുപത്രിയിൽ നിന്ന് 100 മീറ്റർ അകലെ, അഞ്ച് നില കെട്ടിടത്തിൽ താമസിച്ചിരുന്ന കരീം അയ്‌മൻ ഹത്തത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശനിയാഴ്‌ച പുലർച്ചെ ഇസ്രായേൽ സൈന്യം കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും ഡസൻ കണക്കിന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്‌തു. പുരുഷന്മാരെ അടിവസ്‌ത്രം മാത്രമിട്ട് നില്‍ക്കാന്‍ നിര്‍ബന്ധിച്ചു. എതിര്‍ത്ത നാലുപേരെ കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവരെ കണ്ണ് കെട്ടി, ഒരു ടാങ്കിനെ പിന്തുടരാൻ സൈന്യം ആവശ്യപ്പെട്ടു. ഈ സമയം ചുറ്റും സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അല്‍ ശിഫ ആശുപത്രിയിൽ കുടുങ്ങിയ അഞ്ച് പലസ്‌തീനികൾ ഭക്ഷണവും വെള്ളവും വൈദ്യ സഹായവും ലഭിക്കാതെ മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, തികച്ചും മനുഷ്യത്വരഹിതമാണ് ഗാസയിലെ സ്ഥിതി എന്നാണ് വിശേഷിപ്പിച്ചത്.
ടാങ്കുകളും ബുൾഡോസറുകളും ആശുപത്രി മുറ്റം ഉഴുതുമറിക്കുകയാണെന്നും ആംബുലൻസുകളും സിവിലിയൻ വാഹനങ്ങളും സൈന്യം തകർക്കുകയാണെന്നുമാണ് റെയ്‌ഡ് ആരംഭിച്ചപ്പോൾ അല്‍ ശിഫയിൽ അഭയം പ്രാപിച്ച ജമീൽ അൽ-അയൂബി ഫോൺ അഭിമുഖത്തിൽ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുകളിലൂടെ ടാങ്കുകൾ ഓടിച്ചുകയറ്റുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയലെ അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെയും മെഡിക്കൽ സ്റ്റാഫിനെയും ശനിയാഴ്‌ച ഒഴിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഗികൾക്ക് ഒരു ബദൽ സൈറ്റ് സജ്ജമാക്കിയതായും സൈന്യം പറഞ്ഞു.
ഇസ്രായേൽ സൈന്യം പ്രദേശത്തെ എല്ലാ കെട്ടിടങ്ങളിലും ഇരച്ചുകയറുകയും നിരവധി ആളുകളെ കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ളവരെ ഒഴിഞ്ഞുപോകാന്‍ നിർബന്ധിക്കുകയും ചെയ്‌തതായി ആശുപത്രിയിൽ നിന്ന് 200 മീറ്റർ അകലെ താമസിക്കുന്ന അബേദ് റദ്‌വാൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തെരുവുകളിൽ മൃതദേഹങ്ങളും നിരവധി നിരപ്പായ വീടുകളും കണ്ടതായും അദ്ദേഹം വിവരിച്ചു. 'അവർ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല'- സെൻട്രൽ ഗാസയിലെ ഒരു ബന്ധുവിൻ്റെ വീട്ടിൽ കഴിയുന്ന റദ്‌വാൻ പറഞ്ഞു.