പ്യോങ്‌യാങ്:അമേരിക്ക ഭീഷണി ഉയര്‍ത്തുന്നുവെന്ന് ആരോപിച്ച് കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. പുതിയ ഡ്രോണുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍ദേശമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം.
കരയിലും കടലിലും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് ഡ്രോണുകള്‍ ഉള്‍പ്പെടെ പുതിയ ആണവായുധങ്ങള്‍ നിര്‍മിക്കാനാണ് നിര്‍ദേശം. ലക്ഷ്യസ്ഥാനം തകര്‍ക്കാനുള്ള പുതിയ ആണവായുധങ്ങള്‍ ഉത്തര കൊറിയ പരീക്ഷിച്ചു. ആയുധങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനം ത്വരിതപ്പെടുത്താൻ നേതാവ് കിം ജോങ് ഉൻ ആഹ്വാനം ചെയ്‌തതായി സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്‌ച വ്യക്തമാക്കി.
അത്യാധുനിക ഡ്രോണുകള്‍ ഒരു ബിഎംഡബ്ല്യു കാറിനെ തകര്‍ക്കുന്ന ചിത്രവും ഉത്തരകൊറിയ പുറത്തുവിട്ടു. ടാങ്കുകളും മറ്റും തകര്‍ക്കാന്‍ ഇത്തരം ഡ്രോണുകള്‍ക്ക് കഴിയുമെന്ന് അടുത്തിടെ യുക്രെയിനിലും ഗാസയിലും നടക്കുന്ന യുദ്ധങ്ങളില്‍ നിന്ന് കൊറിയ മനസിലാക്കിയിട്ടുണ്ട്. ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി കെസിഎൻഎ അറിയിച്ചു. ഒരു ബിഎംഡബ്ല്യു സെഡാൻ നശിപ്പിക്കപ്പെടുന്നതും പഴയ മോഡലുകളുടെ ടാങ്കുകൾ പൊട്ടിത്തെറിക്കുന്നതിൻ്റെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാറുകളും യുദ്ധടാങ്കുകളും തകർക്കുന്ന ചിത്രങ്ങളും കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎയാണ് പുറത്തുവിട്ടത്. ആയുധങ്ങള്‍ വ്യാപിക്കുന്നതില്‍ സംതൃപ്‌തി പ്രകടിപ്പിച്ച കിം, ആധുനിക യുദ്ധത്തിൽ ഡ്രോണുകൾ എങ്ങനെയാണ് നിർണായകമാകുന്നത് എന്നതിനെപറ്റിയും സംസാരിച്ചു. എത്രയും നേരത്തെ തന്നെ അത്യാധുനിക ആയുധങ്ങള്‍ നിർമിക്കുകയും വൻതോതിലുള്ള ഉൽപ്പാദനത്തിലേക്ക് പോകുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയെപറ്റിയും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ മാസം ഉത്തരകൊറിയക്ക് മുകളില്‍ നോട്ടീസ് വിതറിയ ദക്ഷിണ കൊറിയന്‍ ഡ്രോണുകളെ വെടിവച്ചിട്ടിരുന്നു.
യുക്രെയ്‌നിനെതിരായ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ നേതൃത്വത്തിലുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ കിം റഷ്യയിലേക്ക് സൈനിക ഉപകരണങ്ങളും സൈനികരെയും അയയ്‌ക്കുന്നതായി ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ ആണവായുധങ്ങള്‍ വ്യാപിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിനു മുകളിൽ ഉത്തരകൊറിയൻ വിരുദ്ധ പ്രചാരണ ലഘുലേഖകൾ പ്രചരിപ്പിക്കാൻ ദക്ഷിണ കൊറിയ സ്വന്തം ഡ്രോണുകൾ അയച്ചതായി ഉത്തരകൊറിയ കഴിഞ്ഞ മാസം അവകാശപ്പെട്ടു. അത്തരം നീക്കങ്ങള്‍ വീണ്ടും ഉണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തി. ഉത്തര കൊറിയയുടെ അവകാശവാദങ്ങളില്‍ പ്രതികരിക്കാൻ കൊറിയൻ സൈന്യം തയ്യാറായിരുന്നില്ല.
അതേസമയം, ദക്ഷിണ കൊറിയയെ ലക്ഷ്യം വയ്ക്കുന്ന വിവിധ ആണവ ശേഷിയുള്ള ആയുധങ്ങള്‍ യുഎസിലേക്കും ഉത്തരകൊറിയ പരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ ഉത്തരകൊറിയ അത്യാധുനിക ആയുധങ്ങള്‍ നിര്‍മിക്കുന്നത് മേഖലയില്‍ വലിയ സംഘര്‍ഷത്തിന് വഴിവച്ചു. ഈയാഴ്‌ച പെറുവിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ യോഗങ്ങളിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ, ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ എന്നിവർ പങ്കെടുക്കും. ത്രികക്ഷി ഉച്ചകോടിയിൽ ഉത്തര കൊറിയ ഒരു പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്.
Also Read:ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും; നീക്കം അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്