യുണൈറ്റഡ് നേഷൻസ്: യെമനിലെ പ്രധാന വിമാനത്താവളത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്‌ചയാണ് രണ്ട് വ്യോമാക്രമണങ്ങള്‍ വിമാനത്താവളത്തിലുണ്ടായത്. യുഎൻ പ്രതിനിധി സംഘം ജോര്‍ദാനിലേക്ക് പുറപ്പെടാൻ കാത്തിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ യുഎൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നൂറുകണക്കിന് യാത്രക്കാരുമായി സിവിലിയൻ എയർബസ് 320 ഇറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുഎൻ അറിയിച്ചു. യുഎൻ ഹ്യുമാനിറ്റേറിയൻ എയർ സർവീസിലെ ഒരു ക്രൂ അംഗത്തിനും പരിക്കേറ്റിട്ടുണ്ട്. വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, യുഎൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിനിധി സംഘത്തെ വിഐപി കെട്ടിടത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.
യുഎൻ ലോകാരോഗ്യ സംഘടനയുടെ തലവൻ ഉൾപ്പെടെ വിഐപി ലോഞ്ചിലുണ്ടായിരുന്ന പതിനഞ്ചോളം പേർ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നത് ഭീതിപ്പെടുത്തുന്നതാണെന്ന് യുഎന്‍ റെസിഡന്‍റ് കോർഡിനേറ്റർ ജൂലിയൻ ഹാർനീസ് യുഎൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ആക്രമണത്തില്‍ എയർപോർട്ട് കൺട്രോൾ ടവർ തകർന്നു. 'ഭാഗ്യവശാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. യാത്രക്കാർ സുരക്ഷിതരാണ്. പക്ഷേ സ്ഥിതി വളരെയധികം മോശമാകാന്‍ സാധ്യതയുണ്ടിയിരുന്നു.'- ഹാര്‍നീസ് പറഞ്ഞു.
ആദ്യത്തെ വ്യോമാക്രമണം വിഐപി ലോഞ്ചിന് ഏകദേശം 300 മീറ്റർ (330 യാർഡ്) തെക്ക് മാറിയും രണ്ടാമത്തെ ആക്രമണം 300 മീറ്റര്‍ വടക്ക് മാറിയുമാണ് നടന്നത്. യുഎൻ സംഘത്തിലെ അഞ്ചോളം പേർ അപകട സമയം കെട്ടിടത്തിന് പുറത്തായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തെ കുറിച്ച് തങ്ങൾക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല എന്നും ഹാര്‍നീസ് പറഞ്ഞു.
അതേസമയം ലോകാരോഗ്യ സംഘടനയുടെ തലവനോ യുഎൻ പ്രതിനിധിയോ വ്യാഴാഴ്ച സന വിമാനത്താവളത്തില്‍ ഉണ്ടാകുമെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് ഇസ്രയേലിന്‍റെ വാദം. ഹൂതികളും ഇറാനും ഉപയോഗിക്കുന്ന വിമാനത്താവളത്തിലാണ് ബോംബിട്ടത് എന്ന് ഇസ്രയേൽ ന്യായീകരിച്ചു. എന്നാല്‍ വിമാനത്താവളം സിവിലിയൻ ആണെന്നും സൈനികമല്ലെന്നും ഹാർനെയിസ് പ്രതികരിച്ചു.