സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ നേരില്‍ കണ്ട് അമ്മ പ്രേമകുമാരി. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് അമ്മയും മകളും തമ്മില്‍ കാണുന്നത്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്‌ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
Also Read:കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്‍റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് യെമൻ സ്വദേശിയെ കൊലപ്പെടുത്തിയത്. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.