വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി കമല ഹാരിസ് മൂന്ന് നിര്‍ണായക സംസ്ഥാനങ്ങളില്‍ മുന്നില്‍. ഇന്ന് പ്രസിദ്ധീകരിച്ച പുതിയ തെരഞ്ഞെടുപ്പ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയിലാണ് കമല ഹാരിസ് മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോസിന്‍ സംസ്ഥാനങ്ങളില്‍ അന്‍പത് മുതല്‍ 46ശതമാനം വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ട്രംപിനെ മറികടക്കുമെന്ന് വ്യക്തമായിരിക്കുന്നത്.
മധ്യപശ്ചിമ സംസ്ഥാനങ്ങളിലെ ഏറ്റവും ജനസംഖ്യ കൂടിയ ഈ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടിന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ വിജയം നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഒരു കൊല്ലം മുമ്പ് നടത്തിയ സര്‍വേയ്ക്ക് നേരെ എതിരായിരിക്കുകയാണ് ഇപ്പോഴത്തെ സര്‍വേ. നേരത്തെ നടത്തിയ സര്‍വേ ട്രംപിന് അനുകൂലമായിരുന്നു. അന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനായിരുന്നു ട്രംപിന്‍റെ എതിരാളി.
എന്നാല്‍ കഴിഞ്ഞ മാസം ബൈഡന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്‍മാറുകയും പകരം പാര്‍ട്ടി കമലയെ നിയോഗിക്കുകും ചെയ്‌തു. ഇതോടെ കാര്യങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായിരിക്കുകയാണെന്നാണ് ഈ സര്‍വേ ഫലം നല്‍കുന്ന സൂചന. നവംബര്‍ അഞ്ചിന് ഇനി മൂന്ന് മാസങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഈ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
എങ്കിലും കുടിയേറ്റം, സമ്പദ്ഘടന തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങള്‍ ട്രംപിന് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. ഗര്‍ഭച്ഛിദ്രം സംബന്ധിച്ച ചോദ്യത്തില്‍ കമലയ്ക്ക് 24 പോയിന്‍റിന്‍റെ മുന്‍തൂക്കമുണ്ട്. ഏതായാലും 81കാരനായ ബൈഡന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് ഒഴിഞ്ഞത് ഡെമോക്രാറ്റിക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സിനെ പ്രഖ്യാപിച്ച കമലയുടെ നടപടിയും ഡെമോക്രാറ്റുകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുന്നുണ്ട്.
ട്രംപിനെക്കാള്‍ ബുദ്ധിമതിയാണ് കമലയെന്നൊരു മതിപ്പും ജനങ്ങള്‍ക്കിടയിലുണ്ട്. ഭരണത്തിലും ട്രംപിനെക്കാള്‍ ശോഭിക്കാന്‍ അവര്‍ക്കാകുമെന്ന് ജനങ്ങള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ട്രംപും കൂട്ടരും നിരവധി ആരോപണങ്ങളാണ് കമലയ്ക്കെതിരെ ഉയര്‍ത്തുന്നത്. അവരെ വംശീയമായി പോലും അധിക്ഷേപിക്കുന്നുണ്ട്.
എന്നാല്‍ കൂടുതല്‍ ചെറുപ്പമായ കമലയ്ക്ക് ഡെമോക്രാറ്റുകള്‍ പൂര്‍ണ പിന്തുണയുമായുണ്ട്. ഈ മാസം അഞ്ചിനും ഒന്‍പതിനുമിടയില്‍ നടത്തിയ സര്‍വേയാണ് പുറത്ത് വന്നിരിക്കുന്നത്. 600 വോട്ടര്‍മാര്‍ ഓരോ സംസ്ഥാനത്ത് നിന്നും സര്‍വേയില്‍ പങ്കെടുത്തു. മെയ്മാസത്തിന് ശേഷം ഡെമോക്രാറ്റുകളുടെ പിന്തുണയില്‍ 27 പോയിന്‍റ് വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
Also Read:'കമല ഹാരിസിനെക്കാള്‍ യോഗ്യരായ മറ്റാരുമില്ല'; യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തില്‍ വൈറ്റ് ഹൗസ്