ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സമാധാനം പുനഃസ്ഥാപിക്കാന്‍ ഏവര്‍ക്കും സ്വീകാര്യവും സാധ്യവുമായ എല്ലാ പ്രായോഗിക പരിഹാര മാര്‍ഗങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും. സമാധാന ചര്‍ച്ചകള്‍ എന്ത് എപ്പോള്‍, എവിടെ തുടങ്ങുമെന്നത് തീരുമാനിക്കേണ്ടത് ഇരു രാജ്യങ്ങളുമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സാള്‍ പറഞ്ഞു.
റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയിരുന്ന പതിനഞ്ച് ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കാനായി വിദേശകാര്യമന്ത്രാലയം റഷ്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌ന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്ത് എത്തിയത്.
യുക്രെയ്‌ന്‍ സന്ദര്‍ശനവേളയില്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്‌ച നടത്തുകയും ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്‌തിരുന്നു. സമാധാന ശ്രമങ്ങളില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സമാധാന ശ്രമങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള സമയം ആയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.
സാവോപോളോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെക്കുറിച്ചുള്ള ആശങ്കകളും വിദേശകാര്യമന്ത്രാലയ വക്താവ് പങ്കുവച്ചു. കോണ്‍സുലേറ്റ് വഴി പ്രാദേശിക സര്‍ക്കാരിനെ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കഴിഞ്ഞാഴ്‌ച ഡല്‍ഹിയില്‍ നടന്ന സിഐഐ ഇന്ത്യ ആഫ്രിക്ക കോണ്‍ക്ലേവ്.
Also Read:അവര്‍ 5 ദിവസം നിശ്ചയിച്ചു, ഞങ്ങള്‍ 50 ദിവസം പിടിച്ചു നിന്നു': റഷ്യൻ അധിനിവേശത്തെ അതിജീവിച്ച യുക്രൈൻ