വാഷിങ്ടണ്‍:അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിന് പിന്തുണയുമായി പ്രമുഖ ഹോളിവുഡ് നടൻ ലിയോനാര്‍ഡോ ഡികാപ്രിയോ. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടികൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പരിസ്ഥിതി പ്രവര്‍ത്തകൻ കൂടിയായ ഡികാപ്രിയോ തങ്ങളുടെ പ്രസിഡന്‍റായി കമലയെ അംഗീകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. അമേരിക്കൻ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഡികാപ്രിയോ നടത്തുന്നുണ്ട്.
ഹെലൻ, മിൽട്ടൺ എന്നീ ചുഴലിക്കാറ്റുകളെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളില്‍ ഒപ്പുവയ്‌ക്കുന്നതില്‍ നിന്നും അമേരിക്കയെ പിൻവലിച്ചത് ട്രംപ് ആണെന്നും ഇനി അങ്ങനെയൊരു തെറ്റ് ആവര്‍ത്തിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഡൊണാള്‍ഡ് ട്രംപ് വസ്‌തുതകള്‍ നിഷേധിക്കുന്നത് തുടരുകയാണ്. അദ്ദേഹം ശാസ്ത്രത്തേയും നിഷേധിക്കുന്നു. പാരിസ് കാലാവസ്ഥ കരാറില്‍ നിന്നും അമേരിക്കയെ പിൻവലിച്ചത് അദ്ദേഹമാണ്. കൂടാതെ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പല ഉടമ്പടികളും പിൻവലിച്ചു. കാലാവസ്ഥ വ്യതിയാനം ഭൂമിയെ കൊല്ലുകയും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും നമ്മുടെ ഗ്രഹത്തെയും നമ്മളേയും രക്ഷിക്കാൻ നമുക്ക് ധീരമായ ഒരു ചുവടുവെപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് ഞാൻ കമല ഹാരിസിന് വോട്ട് ചെയ്യുന്നത്.' -ഡികാപ്രിയോ വ്യക്‌തമാക്കി.
നാണയപ്പെരുപ്പം കുറയ്‌ക്കല്‍ നിയമം ഉള്‍പ്പടെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥ നടപടികള്‍ക്ക് നേതൃത്വം നല്‍കാൻ കമലാ ഹാരിസ് സഹായിച്ചു. 2050-ഓടെ നെറ്റ് സീറോ എമിഷൻ നേടുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും മാത്രമല്ല, നമ്മുടെ ഗ്രഹത്തെ രക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഹരിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതുമാണ് കമലയുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്. നമുക്ക് പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും നവംബര്‍ അഞ്ചിന് തനിക്കൊപ്പം എല്ലാവരും കമലാ ഹാരിസിനും വോട്ട് രേഖപ്പെടുത്തണമെന്നും ഡികാപ്രിയോ കൂട്ടിച്ചേര്‍ത്തു.
Also Read :യുഎസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുമെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും