ഹൈദരാബാദ്: ഥാർ റോക്‌സിന്‍റെ വരവിന് പിന്നാലെ ഇന്ത്യൻ വിപണി കീഴടക്കിയിരിക്കുകയാണ് മഹീന്ദ്രയുടെ ഥാർ. 2020 ഒക്ടോബറിൽ മഹീന്ദ്ര ഥാർ എസ്‌യുവി പുറത്തിറക്കിയതിനിപ്പുറം വിൽപ്പന 2 ലക്ഷം പിന്നിട്ടതായാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ അവസാനത്തോടെ മൊത്തം 2,07,110 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ച്ചറേഴ്‌സിന്‍റെ(SIAM) മൊത്തവ്യാപാര ഡാറ്റയും മഹീന്ദ്രയുടെ പ്രതിമാസ വിൽപ്പന കണക്കുകളും സൂചിപ്പിക്കുന്നത്.
ഥാറിന്‍റെ മികച്ച വിൽപ്പനയ്‌ക്ക് സഹായിച്ചത് ഥാർ റോക്‌സ് തന്നെയാണെന്നതിൽ സംശയമില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഥാർ തങ്ങളുടെ 5 ഡോർ മോഡലായ ഥാർ റോക്‌സ് പുറത്തിറക്കുന്നത്. ഫാമിലി ഫ്രണ്ട്‌ലി മോഡലായതിനായ ഥാർ റോക്‌സിന് പുറത്തിറക്കിയപ്പോൾ തന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് വെറും ഒരു മണിക്കൂറിനകം ഥാർ റോക്‌സിന് 1,76,218 ബുക്കിങുകൾ ലഭിച്ചതായി കമ്പനി അറിയിച്ചിരുന്നു.
വിപണിയിലെത്തി വെറും നാല് വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ ഥാറിന് കഴിഞ്ഞിട്ടുണ്ട്. 3 ഡോർ മോഡലും മികച്ച വിൽപ്പന കാഴ്‌ച്ചവെക്കുന്നുണ്ട്. 3 ഡോർ മോഡലിന്‍റെ ഏറ്റവും വലിയ ആകർഷണം അതിൻ്റെ മികച്ച ഓഫ്-റോഡ് ശേഷിയാണ്. കൂടാതെ ആധുനിക ഇൻ്റീരിയർ, സുഗമമായ ഡ്രൈവിങ് മോഡുകൾ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ തുടങ്ങിയ ഫീച്ചറുകളും മികച്ചതാണ്.
ഥാറിന്‍റെ വിൽപ്പന:
2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ ഥാറും ഥാർ റോക്‌സും മൊത്തം 42,726 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ കമ്പനി 35,723 യൂണിറ്റുകൾ വിറ്റപ്പോൾ 19.60 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. ഇത് ഥാറിൻ്റെ 2024 സാമ്പത്തിക വർഷത്തിലെ മൊത്ത വിൽപ്പനയായ 65,246 യൂണിറ്റിൻ്റെ 65 ശതമാനമാണ്.
SIAM ന്‍റെ കണക്കുകൾ അനുസരിച്ച് സെപ്റ്റംബറിൽ മഹീന്ദ്ര അതിൻ്റെ ഡീലർമാർക്ക് 8,843 ഥാർ എസ്‌യുവികൾ അയച്ചു. അതിൽ 3,911 എണ്ണം 3-ഡോർ മോഡലും 4,932 എണ്ണം താർ റോക്‌സും ആയിരുന്നു. 2024 ഏപ്രിലിൽ 6,160 യൂണിറ്റുകളും, സെപ്റ്റംബറിൽ 51,062 യൂണിറ്റുകളും, ഒക്ടോബറിൽ 54,504 യൂണിറ്റുകളും വിൽക്കാൻ കമ്പനിക്കായി.