വാഷിങ്ടൺ:മുൻ പ്രസിഡന്‍റുമാരായ ബിൽ ക്ലിന്‍റണിന്‍റെയും ജോർജ് ഡബ്ല്യു ബുഷിന്‍റെയും പേരുകൾ രണ്ട് ആണവ വിമാന വാഹിനിക്കപ്പലുകൾക്ക് നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. പുതിയ ജെറാൾഡ് ആർ ഫോർഡ്-ക്ലാസ് ആണവോർജ വിമാന വാഹിനിക്കപ്പലുകൾക്കാണ് മുൻ പ്രസിഡന്‍റുമാരുടെ പേരുകള്‍ നല്‍കുന്നത്. ഇക്കാര്യം പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡൻ പ്രസ്‌താവനയിൽ പറഞ്ഞു.
താൻ നേരിട്ട് ബിൽ ക്ലിന്‍റണിനെയും ജോർജ് ബുഷിനെയും ഇക്കാര്യം അറിച്ചതായി ജോ ബൈഡൻ അറിയിച്ചു. കമാൻഡർ ഇൻ ചീഫ് ആകുന്നതിലൂടെ അവരുടെ ഉത്തരവാദിത്വങ്ങൾ വർധിക്കുകയാണ്. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി സൈന്യത്തെ പിന്തുണയ്‌ക്കുന്നതിലുള്ള കടമ അവർ നന്നായി നിർവഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ജോ ബൈഡൻ പറഞ്ഞു.
യുഎസ്എസ് വില്യം ജെ ക്ലിന്‍റണിന്‍റെയും (സിവിഎൻ 82) യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷിന്‍റെയും (സിവിഎൻ 83) പേരിലുള്ള വിമാനവാഹിനി കപ്പലുകളുടെ നിർമാണം വരും വർഷങ്ങളിൽ ആരംഭിക്കും. നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ഇതുവരെ കടലിൽ ഇറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതും പ്രൊഫഷണലുമായ വിമാനവാഹിനി കപ്പലുകളാകും ഇതെന്നും അതുപോലെ തന്നെ ഏറ്റവും മികച്ച നാവികസേനയിൽ ഇവ ചേരുമെന്നും ജോ ബൈഡൻ പറഞ്ഞു.
അമേരിക്കയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള നാവികർ ഈ കപ്പലുകളിൽ ഉണ്ടാകും. അവർ ഈ കപ്പലുകളെ നയിക്കും. വിദേശത്ത് യുഎസ് താത്‌പര്യങ്ങളും സ്വദേശത്ത് സുരക്ഷയും സംരക്ഷിക്കുന്നതിൽ ഈ കപ്പലുകൾ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.