ദേർ അൽ-ബലാഹ്:വടക്കൻ ഗാസ മുനമ്പിൽ നടന്ന രണ്ട് ഇസ്രയേലി വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 88 പേർ കൊല്ലപ്പെട്ടു. ഹമാസ് സംഘത്തെ കൊലപ്പെടുത്താനെന്ന വാദവുമായി ഇസ്രയേല്‍ സൈന്യം വടക്കൻ ഗാസയില്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിലായാണ് 88 പേര്‍ കൊല്ലപ്പെട്ടത്.
ഇസ്രയേൽ സേന നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നും നിരവധിപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തെന്നും ഗാസയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം വീണ്ടും സംഘടിച്ച ഹമാസ് നേതാക്കളെ വേരോടെ പിഴുതെറിയുന്നതിലാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഇസ്രയേൽ സൈന്യം ആഴ്‌ചകളോളമായി വടക്കൻ ഗാസയിൽ വ്യോമാക്രമണം വർധിപ്പിക്കുകയും ഒരു വലിയ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തുകയും ചെയ്‌തു.
വടക്കൻ ഗാസയിൽ ഇപ്പോഴും ലക്ഷക്കണക്കിന് പലസ്‌തീനികളാണ് ദുരിതത്തില്‍ കഴിയുന്നത്. സാധാരണക്കാരെ ആക്രമിക്കരുതെന്ന അന്താരാഷ്‌ട്ര നിയമം ലംഘിച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ തുടരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭക്ഷണവും വെള്ളവും മരുന്നും വിതരണം ചെയ്യുന്ന പ്രധാന യുഎൻ ഏജൻസിയുമായുള്ള ബന്ധം ഇസ്രയേല്‍ വിച്ഛേദിക്കുകയും ഇസ്രയേലി മണ്ണിലൂടെ ഗാസയിലേക്ക് സഹായം എത്തിക്കാനാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം തീരുമാനം എടുക്കുകയും ചെയ്‌തത് ഗാസയിലെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ടു.
ഗാസയിലെ ജനങ്ങള്‍ കൊടുംപട്ടിണിയിലാണെന്ന് ഐക്യരാഷ്‌ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗാസയിലേക്കും അധിനിവേശ വെസ്റ്റ്ബാങ്കിലേക്കും ഉള്ള പ്രവേശനം ഇസ്രയേൽ സൈന്യമാണ് നിയന്ത്രിക്കുന്നു എന്നതിനാല്‍ ഗാസയിലേക്ക് എത്തേണ്ട സഹായങ്ങള്‍ സൈന്യം തടയുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
മനുഷ്യത്വരഹിതമെന്ന് ലോകാരോഗ്യസംഘടന
മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേഗം ലഭ്യമാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗാസയിൽ സമാധാനം ഉണ്ടാവാനുള്ള ഏറ്റവും വലിയ മരുന്ന് വെടിനിർത്തലാണെന്നും എത്രയും വേഗം അത് നടപ്പിലാക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഗാസയിലെ നടപടികളുടെ പേരിൽ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസ് എടുത്തിരുന്നു.
അതേസമയം, ഒക്‌ടോബര്‍ 7 ന് ശേഷമുള്ള ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് പിന്നാലെ പലസ്‌തീനില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 43,000 കടന്നു. കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും സ്‌ത്രീകളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍. ഏകദേശം 99,800 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്.
Read Also:ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 22 മരണം; ഇസ്രയേലില്‍ ട്രക്ക് ഇടിച്ചുകയറി നിരവധിയാളുകള്‍ക്ക് പരിക്ക്