ന്യൂഡല്‍ഹി : ഗാസ പോരാട്ടത്തിന് ശേഷം ഇപ്പോള്‍ സംഘര്‍ഷം ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ലെബനന്‍ വിമോചകസംഘമായ ഹിസ്‌ബുള്ളയും തമ്മിലായിരിക്കുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മില്‍ ഡ്രോണ്‍ ആക്രമണങ്ങളും അതിര്‍ത്തി കടന്നുള്ള മിസൈല്‍ ആക്രമണങ്ങളും പതിവായിരിക്കുകയാണ്. തത്ഫലമായി ഇരുഭാഗത്തും പതിനായിരക്കണക്കിന് ജനങ്ങളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കേണ്ടിയും വന്നു. തങ്ങളുടെ വടക്കന്‍ അതിര്‍ത്തി സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ഇസ്രയേലിന്‍റെ വാദം. അതേസമയം തങ്ങള്‍ ഹമാസിനെ പിന്തുണച്ച് കൊണ്ട് ഗാസയ്ക്ക് വേണ്ടിയാണ് പൊരുതുന്നതെന്നാണ് ഹിസ്‌ബുള്ളയുടെ വാദം.
അതേസമയം തങ്ങള്‍ ഈയുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് ഇന്ത്യയിലെ ഇസ്രയേല്‍ ഉപസ്ഥാനപതി ഫറേസ് സയേബ് ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയത്. പ്രത്യേകിച്ച് ഹിസ്‌ബുള്ളയുമായി ഒരേറ്റുമുട്ടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ലെബനനുമായി തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. ലെബനനെ പല കാരണങ്ങള്‍ കൊണ്ടും തങ്ങളുടെ അയല്‍ക്കാരായാണ് കരുതുന്നത്. ഇത് ലെബനനില്‍ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫറേസ് സയേബുമായുള്ള അഭിമുഖം (ETV Bharat) അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളിലേക്ക്.....
ചോദ്യം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുകയാണല്ലോ. ആദ്യം ഗാസയിലായിരുന്നു പ്രശ്‌നം. ഇപ്പോള്‍ ഹിസ്‌ബുള്ളയുമായും പോരാട്ടം തുടങ്ങിയിരിക്കുന്നു. എന്താണ് ഇസ്രയേല്‍ ചെയ്യുന്നത്? ഇസ്രയേല്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്? ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്ത് നടപടികളാണ് മുന്നിലുള്ളത്?
ഉത്തരം:സംഘര്‍ഷത്തെ സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാണ്. ഇപ്പോള്‍ തന്നെ ഞങ്ങളുടെ 101 പേര്‍ ഹമാസിന്‍റെ ബന്ദികളാണ്. എന്നാല്‍ ഇതിന് പകരമായി തങ്ങള്‍ ആരെയും ബന്ദികളാക്കിയിട്ടില്ല. ഹമാസിന്‍റെ സൈനിക ശേഷിയെക്കുറിച്ച് പൂര്‍ണമായും അറിയില്ല. ഹമാസിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നത് വളരെ വ്യക്തമാണ്.
Fares Saeb, Israeli Deputy Chief Of Mission (ETV Bharat) നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ ഒക്‌ടോബര്‍ എട്ടു മുതല്‍ ഹിസ്‌ബുള്ളയും ഹമാസിന്‍റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചു. ഇരുസംഘടനകളും ഇറാന്‍റെ പ്രതിനിധികളാണ്. ഇവര്‍ ഇസ്രയേലിന് മേല്‍ മിസൈല്‍ വര്‍ഷം ആരംഭിച്ചു. ആ ഘട്ടത്തില്‍ തങ്ങള്‍ ഒരിക്കലും ഹിസ്‌ബുള്ളയ്ക്കെതിരെ ഒരു നടപടിക്കും മുതിര്‍ന്നിട്ടില്ല. എന്നാല്‍ പിന്നീട് ഇവര്‍ മറ്റ് പലര്‍ക്കും ഒപ്പം കൂടി. യെമനിലെ ഹൂതികള്‍, ഇറാഖിലെ മറ്റ് വിമതര്‍ എന്നിവര്‍ക്കൊപ്പം അവര്‍ ചേര്‍ന്നു. പലയിടങ്ങളില്‍ നിന്ന് ഒരുമിച്ച് ഒരേ ദിവസം വര്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ തുടങ്ങി. തങ്ങളുടെ ബന്ദികളെ വിട്ടു കിട്ടുക എന്നതായിരുന്നു തങ്ങളുടെ ആവശ്യം. അത് കൊണ്ട് തന്നെ ഈ ആക്രമണങ്ങളോട് തങ്ങള്‍ പ്രതികരിച്ചേയില്ല. ഗോലന്‍ കുന്നുകളിലെ ദ്രൗസ് ഗ്രാമങ്ങളില്‍ പന്ത്രണ്ട് കുഞ്ഞുങ്ങള്‍ അടക്കം മിസൈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഈ കുഞ്ഞുങ്ങളില്‍ അഞ്ച് പേര്‍ തന്‍റെ കുടുംബത്തിലേത് ആയിരുന്നു. പിന്നീട് ഹിസ്‌ബുള്ള ഇസ്രയേല്‍ പൗരന്‍മാരെ ആക്രമിക്കാനും തുടങ്ങി.
80,000 ഇസ്രയേലികള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലയാനം ചെയ്‌തു. ഇവരെയെല്ലാം തിരികെ കൊണ്ടുവരണമെന്നാണ് തങ്ങളുടെ ആഗ്രഹം. ഹിസ്‌ബുള്ളയുടെ അടുത്ത കളികള്‍ എന്തൊക്കെ എന്നതാണ് ഇവിട ഉയരുന്ന ചോദ്യം. യുദ്ധം തുടരാനാണോ അവര്‍ ആഗ്രഹിക്കുന്നത്. തങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് ഹിസ്‌ബുള്ളയുമായും ലെബനനുമായും ഒരു യുദ്ധം ഞങ്ങള്‍ക്ക് വേണ്ട. തങ്ങള്‍ക്ക് ലെബനനുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. ലെബനനെ തങ്ങളുടെ അയല്‍ക്കാരായാണ് കാണുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ ലെബനനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇറാനാണ്. ഇതെങ്ങോട്ടാണ് പോകുന്നതെന്ന് എതിര്‍ കക്ഷികള്‍ക്ക് മനസിലായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.
ചോദ്യം: ഗാസ സംഘര്‍ഷം ആരംഭിച്ചിട്ട് ഒരു കൊല്ലം തികയുകയാണ്. ഇനിയെന്താണ്? ഇസ്രയേല്‍ സര്‍ക്കാര്‍ ഈ കാര്യത്തില്‍ എന്ത് നടപടിയാണ് കൈക്കൊള്ളുക? രാജ്യാന്തര സമൂഹം ഇതേക്കുറിച്ച് ഏറെ ആശങ്കാകുലരാണ്. ഈ സംഘര്‍ഷം നിരവധി ഭൗമരാഷ്‌ട്രീയ പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരിക്കുന്നു.
ഉത്തരം: നിങ്ങളുടെ ആളുകള്‍ ബന്ദികളായിരിക്കുമ്പോഴും സമാധാനത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാനാകും? നിങ്ങള്‍ ഒരു ഭീകരസംഘടനയുടെ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ എന്ത് ചെയ്യാനാകും? 101 ഇസ്രയേലുകാരെ മാത്രമല്ല അവര്‍ ബന്ദികളാക്കിയിരിക്കുന്നത്. അവര്‍ അവിടെയുള്ള നാട്ടുകാരെയും ബന്ദികളാക്കിയിട്ടുണ്ട്. ഇവരെ മനുഷ്യകവചമാക്കി ഉപയോഗിക്കാനാണ് ഇത്. അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനും നാട്ടുകാരെ ഉപയോഗിക്കും. ഹമാസ് ഒരു സംഘടനയായല്ല മറിച്ച് ഒരു അധികാര കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് എങ്ങനെ പറയാനാകും. രാജ്യാന്തര സമൂഹവും അറബ് രാജ്യങ്ങളും പലസ്‌തീന്‍ നേതൃത്വും ഒക്കെ ഇടപെടേണ്ടതുണ്ട്. പലതും ചെയ്യാനുണ്ട്. എന്നാല്‍ രണ്ട് ഘടകങ്ങളില്ലാതെ ഇവയൊന്നും സംഭവിക്കില്ല. ഞങ്ങളുടെ ആളുകളെ മോചിപ്പിക്കുക. ഗാസയിലെ ഭീകര സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നിവയാണിത്.
'ഞങ്ങള്‍ക്ക് ഈ യുദ്ധം വേണ്ട, പ്രത്യേകിച്ച് ലെബനന് എതിരെയുള്ളത്'-ഇസ്രയേലി സ്ഥാനപതി (ETV Bharat) ചോദ്യം: ഇന്ത്യ-ഇസ്രയേല്‍ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശ്യം?
ഉത്തരം: ഇന്ത്യയില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്‌ഠിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അവസരമാണ്. വിവിധ മേഖലകളെക്കുറിച്ച് ഇന്ത്യയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യാറുണ്ട്. രണ്ട് മാസമേ ആയിട്ടുള്ളൂ താന്‍ ഇവിടെ എത്തിയിട്ട്. ഇതിനകം തന്നെ സാങ്കേതിക, സ്റ്റാര്‍ട്ട്-അപ് മേഖലകള്‍ കൈകാര്യം ചെയ്യുന്നവരുമായി കൂടിക്കാഴ്‌ച നടത്താന്‍ അവസരമുണ്ടായി.
കൃഷി, വെള്ളം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആരോഗ്യം, സഹകരണം തുടങ്ങിയവയെക്കുറിച്ചും അക്കാദമിക വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ നടത്തി. ജനങ്ങളുമായി ബന്ധപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും ഭാവിയെക്കുറിച്ച് ഒരു കാഴ്‌ചപ്പാടുണ്ട്. മുപ്പത് നാല്‍പ്പത് വര്‍ഷം മുമ്പുള്ള ഇന്ത്യയല്ല ഇന്നത്തേത്. ചന്ദ്രനില്‍ വരെയെത്തിയ ഒരു രാജ്യമാണിത്. ഞങ്ങളും അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പല മേഖലകളിലും ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള ചര്‍ച്ചകളാണ് ഇനി ഇന്ത്യയുമായി നടത്തേണ്ടത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ശുഭസൂചനകളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടു വരണം. കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ ധാരണകളുണ്ടാകണം. ഞങ്ങളുടെ രാജ്യത്തിന്‍റെ ഭാവി കൂടുതല്‍ മികച്ചതായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ചോദ്യം:ഇന്ത്യയുടെ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു? ഈ സംഘര്‍ഷങ്ങളെ അപലപിച്ച ആദ്യ രാജ്യം ഇന്ത്യയാണ്? ഇന്ത്യയെ പ്രശ്‌ന പരിഹാരത്തിന് ഉപയോഗിക്കുന്നുണ്ടോ? ഇന്ത്യയ്ക്ക് ഇസ്രയേലുമായും പലസ്‌തീനുമായും നല്ല ബന്ധമാണ് ഉള്ളത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉത്തരം: അത് ഇന്ത്യയുടെ നേതൃത്വത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അവരെങ്ങനെയാണ് ആഗോള സംഘര്‍ഷങ്ങളെ പൊതുവേ കാണുന്നത്? പശ്ചിമേഷ്യയുടെ മാത്രം കാര്യമല്ല ഉദ്ദേശിച്ചത്. ഇന്ത്യയ്ക്ക് രാജ്യാന്തര സംഘടനകളിലും സമൂഹങ്ങളിലും സ്വാധീനമുണ്ട്. ഇന്ത്യയ്ക്ക് തങ്ങളെ സഹായിക്കാനാകും. പലസ്‌തീനും മറ്റ് ചിലരും രാഷ്‌ട്രീയമില്ലാത്ത സംഘടനകളെ രാഷ്‌ട്രീയവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. രാജ്യാന്തര ആശയവിനിമയ സംഘടനകള്‍, ആരോഗ്യ സംഘടനകള്‍ എന്നിവയെ അടക്കം രാഷ്‌ട്രീയവത്ക്കരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഇത് മുന്നോട്ട് കൊണ്ടുപോകണം.
ചോദ്യം:ഇസ്രയേലിന്‍റെ പ്രത്യേക ആവശ്യപ്രകാരം ഇന്ത്യയില്‍ നിന്ന് നിര്‍മ്മാണത്തൊഴിലാളികളെ അയച്ചിരുന്നു. ഇവരില്‍ പലരും ഇതിനകം അവിടെ എത്തിക്കഴിഞ്ഞു. ചിലര്‍ ഉടന്‍ വരും. ഇവര്‍ക്ക് അവിടെ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ എന്ത് ചെയ്‌തു?
ഉത്തരം: ഇതിനായി ആദ്യം തന്നെ വ്യവസായികളുമായും സര്‍ക്കാരുമായും ചില കരാറുകള്‍ ഉണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ന്ന് വന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പരിഹരിച്ചു. ചിലത് പെരുപ്പിച്ച് കാട്ടിയതാണ്. ഇസ്രയേലിലേക്ക് വന്നവരില്‍ പലരും ഉയര്‍ന്ന നിലവാരമുള്ളവരായിരുന്നു. അത് കൊണ്ട് തന്നെ അവരെ നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. നിലവില്‍ പതിനായിരം ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേലിലുണ്ട്. കൂടുതല്‍ പേര്‍ വരുമെന്നാണ് കരുതുന്നത്. ഇസ്രയേലിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുക്കുന്നു. ഇന്ത്യയില്‍ നിന്ന് വ്യത്യസ്‌തമായാണ് അവര്‍ക്ക് ഇസ്രയേലില്‍ ജോലി ചെയ്യേണ്ടി വരുന്നത്. പുത്തന്‍ ആശയങ്ങളും രീതികളും സ്വീകരിക്കുന്നതിന് സമയം വേണ്ടി വരും. എങ്കിലും പൊതുവില്‍ മികച്ച അഭിപ്രായമാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യമുണ്ട്.
ഞങ്ങള്‍ വിദേശത്ത് നിന്നുള്ള എല്ലാവര്‍ക്കും പരിഗണന നല്‍കുന്നുണ്ട്. അത് തൊഴിലാളികളായാലും വിദ്യാര്‍ത്ഥികളായാലും മറ്റുള്ള ഇസ്രയേല്‍ പൗരന്‍മാരായാലും. ഹീബ്രു, അറബിക്, ഇംഗ്ലീഷ്, ഇസ്രയേലില്‍ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ഭാഷകള്‍ എന്നിവയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. അവരുടെ തൊഴിലിടങ്ങളില്‍ അവര്‍ സുരക്ഷിതരായിരിക്കും. എല്ലാ വിദേശികള്‍ക്കും ഞങ്ങളുടെ സൈന്യം സുരക്ഷ ഒരുക്കുന്നുണ്ട്.
ചോദ്യം:മേഖലയിലെ സംഘര്‍ഷം പരിഹരിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി എന്തെങ്കിലും പിന്നാമ്പുറ ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ?
ഉത്തരം: നയതന്ത്ര ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ല. എന്നാല്‍ ഇന്ത്യയെ തങ്ങള്‍ ഒരു പ്രധാന പങ്കാളിയായാണ് വിലയിരുത്തുന്നത്. ഇന്ത്യയ്ക്ക് രാജ്യാന്തര വേദികളില്‍ സംസാരിക്കാനാകും. ഇസ്രയേല്‍ ഭാഗമല്ലാത്ത പല സംഘടനകളും രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് തീര്‍ച്ചയായും ബന്ധമുണ്ട്. അത് കൊണ്ട് തന്നെ തങ്ങളുടെ ഇന്ത്യന്‍ സുഹൃത്തുക്കളുടെ ശബ്‌ദം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് തന്നെയാണ് താന്‍ കരുതുന്നത്.
ചോദ്യം: ഇന്ത്യന്‍ ആയുധങ്ങള്‍ ഇസ്രയേലില്‍ എത്തുന്നതായും ഇവ ഗാസയ്ക്കെതിരെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശരിയാണോ?
ഉത്തരം: ഇസ്രയേലിന്‍റെ ഒരേയൊരു രഹസ്യായുധം എന്താണെന്ന് ഞാന്‍ പറയാം. ഇത് അവിടുത്തെ ജനങ്ങളാണ്. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ 30,000 ഇസ്രയേലികള്‍ പഠനം, തൊഴില്‍ തുടങ്ങിയവയ്ക്കായുള്ള തങ്ങളുടെ വിദേശ യാത്രകള്‍ ഉപേക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായായിരുന്നു ഇത്. രാജ്യാന്തര തലത്തുള്ള ഞങ്ങളുടെ സുഹൃത്തുക്കളെയും ഞങ്ങളെ തന്നെയും സംരക്ഷിക്കേണ്ടതും ഞങ്ങളുടെ ആവശ്യമായിരുന്നു. തങ്ങളെ സഹായിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും എല്ലാ രാജ്യങ്ങള്‍ക്കും നന്ദി. തങ്ങള്‍ക്ക് ഇറാനെതിരെ മാത്രമല്ല പോരാടുന്നത്. തങ്ങള്‍ക്കെതിരെ രാജ്യാന്തര സംഘടനകളും പ്രചാരണങ്ങളുമുണ്ട്. അവിടെയെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളെ ആവശ്യവുമുണ്ട്.
ചോദ്യം: ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴി മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എന്ത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍,പ്രത്യേകിച്ച് ചൈനയുടെ റോഡ്-ബെല്‍റ്റ് പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍, പദ്ധതിയില്‍ എന്തെങ്കിലു പുരോഗതിയുണ്ടായിട്ടുണ്ടോ?
ഉത്തരം: പദ്ധതി ഏറെ മികച്ചതാണ്. ഇതിലൂടെ ഇന്ത്യയ്ക്ക് കരയിലൂടെയും കടലിലൂടെയും യൂറോപ്പുമായി ബന്ധപ്പെടാനാകും. ഇസ്രയേലിന് ഏഷ്യയുമായുള്ള ബന്ധത്തിനും ഇത് സഹായകമാകും. വര്‍ഷങ്ങളായി പക്ഷേ തങ്ങള്‍ ഇതിന്‍റെ ഭാഗമല്ല. ഇപ്പോള്‍ ഒന്നും സംഭവിക്കില്ല. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച ശേഷമേ പദ്ധതിയുടെ പ്രയോജനം പൂര്‍ണമായും ലഭിക്കൂ. ഇതിനായി തങ്ങള്‍ ആത്മാര്‍ത്ഥ ശ്രമത്തിലാണ്. പദ്ധതി മുന്നോട്ട് പോകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ തന്നെ നേതൃത്വം വഹിക്കേണ്ടതുണ്ട്. നമ്മുടെ അയര്‍ രാജ്യങ്ങളും ഇതില്‍ പങ്കാളികളാകേണ്ടതുണ്ട്. രണ്ട് മേഖലകളെ ബന്ധിപ്പിക്കാന്‍ പദ്ധതി ഏറെ പ്രയോജനകരമാകും. പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. തനിക്ക് ശുഭാപ്‌തി വിശ്വാസമുണ്ട്. നമുക്ക് ചുറ്റും പലതും സംഭവിച്ചിട്ടും അതിനെയെല്ലാം അതിജീവിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിനെക്കാള്‍ മികച്ച ഒരു അയല്‍ക്കാരനായി ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തി എന്ന നിലയില്‍ ഇന്ത്യയ്ക്ക് സ്വന്തം നിലപാടുണ്ട്. ചില രാജ്യങ്ങളിലെ ഏകാധിപതികളുടെ കാര്യം എടുക്കുമ്പോള്‍ പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ മേഖലയിലെ ധാര്‍മ്മിക പാഠശാലയായി ഇന്ത്യ മാറണം. പസഫിക്-ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. മേഖലയിലെ മികച്ച ഭൗമ രാഷ്‌ട്രീയത്തിനും സുസ്ഥിരതയ്ക്കുമായി ഇന്ത്യ നില കൊള്ളുന്നു. ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ശക്തിയാണ്. ഇന്ത്യയ്ക്ക് രാജ്യാന്തര ശക്തിയായി വളരാനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ ഭാവിയെക്കുറിച്ചും താന്‍ ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഭാവി ബന്ധത്തിലും ശുഭാപ്‌തി വിശ്വസമുണ്ട്.
Also Read:ഭൂപടത്തില്‍ നിന്ന് മായുന്ന രാജ്യം, നിണം വാര്‍ന്ന മണ്ണില്‍ ഒരു ജനത; ഇന്ന് പലസ്‌തീന്‍ ഐക്യദാര്‍ഢ്യ ദിനം