ജെറുസലേം: ഇസ്രയേലില്‍ നടക്കുന്ന യുദ്ധം നഗ്നമായ വംശഹത്യ സ്വഭാവമുള്ളതാണെന്ന് ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഗാസജനതയെ നിര്‍ബന്ധിതമാക്കുന്ന പലായനം മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യമാണെന്നും ഐക്യരാഷ്‌ട്രസഭ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ട് തള്ളി ഇസ്രയേല്‍ രംഗത്തെത്തി. ഹമാസ് ഭീകരതയെ ഉന്‍മൂലനം ചെയ്യുക എന്നത് മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗാസ ജനതയെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിക്കണമെന്ന ആഗ്രഹം തങ്ങള്‍ക്കില്ലെന്നും ഇസ്രയേല്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പലസ്‌തീന്‍ ജനതയ്ക്ക് മേല്‍ ജീവന് ഭീഷണിയാകും വിധമുള്ള സാഹചര്യങ്ങള്‍ ഇസ്രയേല്‍ മനഃപൂര്‍വം സൃഷ്‌ടിക്കുന്നു. സാധാരണക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്നും ഐക്യരാഷ്‌ട്രസഭ പ്രത്യേക സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തില്‍ ജൂലൈ വരെ വന്‍ തോതില്‍ നാട്ടുകാരെ കൊന്നു തള്ളി.
ഇസ്രയേല്‍ പലസ്‌തീനുള്ള സഹായങ്ങള്‍ തടസപ്പെടുത്തുന്നു. രാജ്യാന്തര കോടതി ആക്രമണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ആക്രമണങ്ങള്‍ തുടരുകയാണ്. പട്ടിണിയടക്കമുള്ളവ ഇസ്രയേല്‍ യുദ്ധതന്ത്രമായി പ്രയോഗിക്കുന്നു. പലസ്‌തീനിയന്‍ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതാദ്യമായല്ല ഇസ്രയേലിനെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ രാജ്യാന്തര കോടതിയല്‍ പരാതി നല്‍കിയിരുന്നു. 1948ലെ ഐക്യരാഷ്‌ട്രസഭ വംശഹത്യ കണ്‍വന്‍ഷന്‍ ഗാസ യുദ്ധത്തില്‍ ലംഘിച്ചുവന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. എന്നാല്‍ ഈ ആരോപണം ഇസ്രയേല്‍ നിഷേധിച്ചു.
വടക്കന്‍ ഗാസയില്‍ ദാരിദ്ര്യം രൂക്ഷമായിരിക്കുന്നുവെന്നും ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച യുദ്ധത്തിന് ശേഷമാണ് കാര്യങ്ങള്‍ ഇത്തരത്തില്‍ വഷളായത്. യുദ്ധത്തെ തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരത്തിലേറെ പേര്‍ ഗാസ നഗരത്തിലേക്കും തൊട്ടടുത്തുള്ള മറ്റിടങ്ങളിലേക്കും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായെന്നും ഐക്യരാഷ്‌ട്രസഭ പലസ്‌തീന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് ലൂയി വാട്ടറിഡ്‌ജ് എഎഫ്‌പിയോട് പറഞ്ഞു.
നിര്‍ബന്ധിത പലായനം മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യമാണെന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗാസയില്‍ നിന്ന് പലായനം ചെയ്യപ്പെട്ടവരുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് 172 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ഗവേഷക നാദിയ ഹര്‍ദ്‌മാന്‍ പറഞ്ഞു. ഇതിന് പുറമെ ഉപഗ്രഹ ചിത്രങ്ങളും പൊതുവിവരങ്ങളുമെല്ലാം റിപ്പോര്‍ട്ട് തയാറാക്കാനായി ഉപയോഗിച്ചിട്ടുണ്ട്.
പലായനം സുരക്ഷ കാരണങ്ങളാലാണെന്ന വിശദീകരണവും ഇസ്രയേല്‍ നല്‍കുന്നു. ഭീകര സാന്നിധ്യം എന്ന ലളിതമായ കാരണം ചൂണ്ടിക്കാട്ടി പലായനത്തെ ന്യായീകരിക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്ന് ഹര്‍ദ്‌മാന്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളി ഇസ്രയേല്‍
റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ഇസ്രയേല്‍ നിലപാട്. പൂര്‍ണമായും റിപ്പോര്‍ട്ട് തെറ്റാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഒറെന്‍ മര്‍മോര്‍സ്റ്റെയിന്‍ എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ വിരുദ്ധതയാണ് റിപ്പോര്‍ട്ടിലുടനീളം പ്രതിഫലിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
അമേരിക്കയും റിപ്പോര്‍ട്ടിനെതിെര രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം പ്രയോഗങ്ങളും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് വേദാന്ത് പട്ടേല്‍ പ്രതികരിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ പ്രകാരം 20 ലക്ഷം പേരാണ് പലായനം ചെയ്യപ്പെട്ടിട്ടുള്ളത്. യുദ്ധം തുടങ്ങിയ 2023 ഒക്‌ടോബര്‍ ഏഴിന് മുമ്പ് ഈ പ്രദേശത്ത് 24 ലക്ഷം ജനങ്ങളുണ്ടായിരുന്നു. പത്തിലേറെ തവണ താന്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായി എന്നാണ് 41കാരിയായ വീട്ടമ്മ ഇമാന്‍ ഹമദ് പ്രതികരിച്ചത്. അവര്‍ തങ്ങളെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന ചിന്തയാണ് വച്ച് പുലര്‍ത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം അന്‍പതുകാരനായ ടാക്‌സി ഡ്രൈവര്‍ അഷറഫ് അബു ഹബാല്‍ ജബാലിയയിലെ തന്‍റെ വീട് വിട്ട് പോകാന്‍ വിസമ്മതം കാട്ടുന്നു. പലയാനവും പട്ടിണിയും മൂലം പതിനായിരം തവണ മരിക്കുന്നതിനെക്കാള്‍ നല്ലത് ഷെല്ലോ മിസൈലോ വീണ് പെട്ടെന്ന് മരിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
അതിനിടെ കഴിഞ്ഞ ദിവസവും പത്ത് പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ പ്രതിരോധ ഏജന്‍സി തലവന്‍ മുഹമ്മദ് ബസാല്‍ പറഞ്ഞു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. പലസ്‌തീനിയന്‍ മേഖലയിലെമ്പാടും വ്യോമാക്രമണങ്ങള്‍ അരങ്ങേറുകയാണ്.
പലസ്‌തീനിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ മൂന്നാമതൊരു ഇടപെടല്‍ അടിയന്തരമായി വേണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിന് ആയുധവും മറ്റ് സഹായങ്ങളും നല്‍കി പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. രാജ്യാന്തര കോടതി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
Also Read: ഹിസ്ബുള്ളയുടെ ആയുധ നിര്‍മാണ-ശേഖരണ കേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍