ശരീരത്തെ പലതരത്തിൽ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. ഇത് സ്ത്രീകളിലും പുരുഷമാരിലും പ്രത്യുൽപാദനക്ഷമത കുറയ്ക്കാനും കാരണമാകുമെന്ന് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ നേഹ ത്രിപാഠി പറയുന്നു. പ്രമേഹമുള്ള ആളുകളിൽ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇത് ഇംപ്ലാൻ്റേഷൻ, ഗർഭധാരണം എന്നിവയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ പ്രത്യുത്പാദന അവയവങ്ങളെയും ബീജം, അണ്ഡം, ഭ്രൂണം എന്നിവയെയും ബാധിക്കുമെന്ന് ഡോ നേഹ ത്രിപാഠി വ്യക്തമാക്കുന്നു.
പ്രമേഹവും സ്ത്രീകളിലെ പ്രത്യുൽപാദനക്ഷമതയും
സ്ത്രീകളുടെ പ്രത്യുൽപാദന ക്ഷമതയെ ബാധിക്കുന്ന ഒന്നാണ് പ്രമേഹം. സ്വാഭാവികമായി ഗർഭധാരണം നടക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഗർഭം ധരിക്കാൻ പ്രയാസമുണ്ടാക്കുമെന്നതിന് പുറമെ ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കും. ചില സ്ത്രീകളിൽ ഗർഭകാല പ്രമേഹം കണ്ടുവരാറുണ്ട്. എന്നാൽ പ്രസവ ശേഷം ഇത് സ്വാഭാവികമായി തന്നെ പരിഹരിക്കപ്പെടും ചെയ്യും. പ്രമേഹ ബാധിതരായ ചില സ്ത്രീകൾ സ്വാഭാവികമായി തന്നെ ഗർഭം ധരിക്കാറുണ്ടെങ്കിലും ഗർഭാവസ്ഥ ശിശുവിന്‍റെ വളർച്ചയെയും മറ്റും ഇത് ബാധിച്ചേക്കാമെന്ന് ഡോ നേഹ പറയുന്നു. പ്രമേഹത്തിന് പുറമെ ഓട്ടോ ഇമ്മ്യൂൺ ഡിസോർഡേഴ്‌സ്, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം, ഭാരക്കുറവ്, അമിതഭാരം എന്നിവയെല്ലാം ഗർഭധാരണത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്.
പ്രമേഹവും പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമതയും
ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, പ്രത്യുൽപാദന പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വളരെയധികം കൂടുതലാണെന്ന് ഡോ നേഹ പറയുന്നു. ഗുണനിലവാരമില്ലാത്തതും അസാധാരണവുമായ ബീജം, റിട്രോഗ്രേഡ് ഇജാക്കുലേഷൻ എന്നിവയ്ക്കും ഇത് കാരണമാകും. വന്ധ്യതയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്‌ധർ പറയുന്നു. സമീകൃതാഹാരം, യോഗ, ധ്യാനം, എന്നിവ പതിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ഗർഭധാരണം എളുപ്പമാക്കാനും സഹായിക്കും. കൂടാതെ പുകവലി, മദ്യപാനം ഉപ്പെടെയുള്ള എല്ലാ ദുശീലങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ ത്രിപാഠി പറയുന്നു.
വന്ധ്യതയ്ക്കുള്ള ചികിത്സകൾ
പ്രമേഹം, വന്ധ്യതാ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് പല തരത്തിലുള്ള ചികിത്സകൾ ലഭ്യമാണെന്ന് ഡോ ത്രിപാഠി പറയുന്നു. മരുന്നുകൾ, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART), ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF), ഗർഭാശയ ബീജസങ്കലനം (IUI) എന്നിവ ഗർഭധാരണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കും. അണ്ഡോത്പാദന പ്രശ്‌നങ്ങൾ, ഉദ്ധാരണക്കുറവ് എന്നിവ മരുന്നുകളുടെ സഹായത്തോടെ ഫലപ്രദമായി പരിഹരിക്കാം. ഹോർമോൺ അസന്തുലിതാവസ്ഥയും പോളിസിസ്റ്റിക് ഓവറി സിൻഡ്രോമും (PCOS) ചികിത്സിച്ച് ഭേതമാക്കാവുന്നതാണെന്ന് ഡോ. ത്രിപാഠി വ്യക്തമാക്കുന്നു.
Also Read : പ്രമേഹം മുതൽ സമ്മർദ്ദം വരെ ചെറുക്കും; നിസാരക്കാരനല്ല കറുവപ്പട്ടയില