ഇടുക്കി: സംസ്ഥാനത്ത് തന്നെ പൊലീസ് സ്റ്റേഷനില്ലാത്ത ഏക വിനോദസഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ചിന്നക്കനാലിൽ എത്തുന്നതും താമസിക്കുന്നതും. പൊലീസിൻ്റെ സാന്നിധ്യമില്ലാത്തതിനാൽ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ ക്രമസമാധാനപാലനം വെല്ലുവിളിയാണ്.
കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരൻ്റെ വീട്ടിൽ നിന്ന് 16 പവനോളം സ്വർണം മോഷ്‌ടിച്ച സംഭവമുണ്ടായത്. മിക്ക ദിവസങ്ങളിലും ചിന്നക്കനാലിൽ അടിപിടി കേസുകളും ഉണ്ടാകാറുണ്ട്. ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ മദ്യപരുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ നാട്ടുകാർക്കും സഞ്ചാരികൾക്കും പൊതു നിരത്തിലൂടെ സ്വൈരമായി സഞ്ചരിക്കാൻ കഴിയണമെങ്കിൽ ഇവിടെ സ്ഥിരമായി പൊലീസിൻ്റെ സാന്നിധ്യം വേണമെന്ന് നാട്ടുകാർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
20 കിലോമീറ്ററോളം അകലെയുള്ള ശാന്തൻപാറ പൊലീസ് സ്റ്റേഷൻ്റെ പരിധിയിലാണ് ചിന്നക്കനാൽ പഞ്ചായത്ത് ഉൾപ്പെടുന്നത്. എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരിക്കും. മുൻപ് സ്ഥിരമായി രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണിത്.
അന്നൊക്കെ താൽക്കാലിക പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരുന്നു. പൊലീസിൻ്റെയും മോട്ടർ വാഹന വകുപ്പിൻ്റെയും സ്ഥിരം സാന്നിധ്യമില്ലാത്തതിനാൽ ചിന്നക്കനാൽ മേഖലയിൽ ഗതാഗത നിയമലംഘനങ്ങളും വ്യാപകമാണ്.
Also Read: ബസ് കാത്തുനിന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ