ഗാസ:മധ്യ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളും സ്‌ത്രീകളും അടക്കം 20 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തെ തുടര്‍ന്ന് പാലായനം ചെയ്‌ത പലസ്‌തീനികള്‍ അഭയംപ്രാപിച്ച സ്‌കൂളിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രണം നടത്തിയത്. രണ്ട് സ്ത്രീകളും നിരവധി കുട്ടികളും ഉള്‍പ്പെടെ നുസൈറത്ത് എന്ന പ്രദേശത്തെ ഒരു സ്‌കൂളിനെ നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നു.
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നുസൈറത്തിലെ അൽ-അവ്ദ ആശുപത്രിയിലും, ദേർ അൽ-ബലാഹിലെ അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികള്‍ ആണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിക്കരുതെന്ന അന്താരാഷ്‌ട്ര നിയമം ലംഘിച്ച് കൊണ്ടാണ് ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നത്. കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെ സാധാരണക്കാരായ ജനങ്ങള്‍ അഭയം തേടുന്ന അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്ന് ഐക്യരാഷ്‌ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളൊന്നും വകവയ്‌ക്കാൻ ഇസ്രയേല്‍ തയ്യാറായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാസയിലെ ആശുപത്രികളിലും അഭയാര്‍ഥി ക്യാമ്പുകളിലും ഹമാസ് സംഘം ഒളിച്ചിരിക്കുന്നുവെന്ന വാദം ഉയര്‍ത്തിയാണ് ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും വടക്കൻ ഗാസയിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം കടുപ്പിക്കുകയെന്ന പേരിലാണ് ഇസ്രയേൽ സൈന്യം വടക്കൻ ഗാസയിലും ആക്രമണം രൂക്ഷമാക്കിയത്. ആക്രമണം തുടരുമ്പോഴും ഒക്‌ടോബർ 1 മുതൽ ഇവിടേക്ക് ആവശ്യമായ ഭക്ഷ്യ സഹായം എത്തിയിട്ടില്ലെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.