ടെൽ അവീവ്: ഇസ്രയേലിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സംവിധാനങ്ങളും ഇന്ന് മുതല്‍ (14-04-2024) മുതൽ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേലിന് നേരെയുള്ള ഇറാന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലി പൗരന്മാരോട് ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് സൈറൺ കേൾക്കുമ്പോൾ അഭയ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അവിടെ 10 മിനിറ്റ് തുടരണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന പൊതു പരിപാടികളൊന്നും നടത്താൻ പാടില്ലെന്നും ഇസ്രയേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇറാന്‍ 200-ലധികം മിസൈലുകള്‍ ഇസ്രയേലിന് നേരെ തൊടുത്ത് വിട്ടെന്നാണ് റിപ്പോര്‍ട്ട്. വ്യേമ മേഖലയും വിമാനത്താവളവും ഇസ്രയേല്‍ അടച്ചിട്ടിരിക്കുകയാണ്. ജോർദാന്‍, ലബനോണ്‍ ഇറാഖ് മേഖലകളും തങ്ങളുടെ വ്യോമ മേഖല അടച്ചിട്ടു.
ഇറാന്‍റെ ആക്രമണം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഡസൻ കണക്കിന് വിമാനങ്ങൾ ഇസ്രയേലിന്‍റെ ആകാശത്ത് സൈന്യം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സുരക്ഷയേയും സമാധാനത്തെയും ബാധിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യക്കാരുമായി എംബസികൾ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.