ടെൽ അവീവ്: പശ്ചിമേഷ്യയിൽ ആശങ്ക വിതച്ച് പരസ്‌പരം പോർമുഖം തുറന്ന് ഇസ്രയേലും ഹിസ്ബുള്ളയും. സ്ഥിതിഗതികൾ രൂക്ഷമായി തുടരവേ ഇസ്രയേൽ രാജ്യത്ത് 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്‌ച രാവിലെയാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് .
ഇന്ന് പുലർച്ചെ തെക്കൻ ലെബനനിൽ ഇസ്രയേൽ തീവ്രമായ വ്യോമാക്രമണം നടത്തിയിരുന്നു. മുൻകരുതൽ എന്ന നിലയിൽ ഹിസ്ബുള്ളക്കെതിരായ നടത്തിയ ആക്രമണമാണിത് എന്നാണ് ഇസ്രയേൽ വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം തന്നെ തങ്ങൾ ഇസ്രയേലിനെതിരെ കടുത്ത ഡ്രോൺ, റോക്കറ്റ് ആക്രമണം നടത്താനൊരുങ്ങുന്നതായി ഹിസ്ബുള്ള വൃത്തങ്ങളിളും സൂചന നൽകി.
ഹിസ്ബുള്ളയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് . 'അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ഐഡിഎഫിന് (ഇസ്രയേൽ സൈന്യം) ഇസ്രയേലിലെ പൗരന്മാർക്ക് നിർദ്ദേശങ്ങൾ നൽകാൻ അധികാരം നൽകുന്നു, ഇതില്‍ ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്നതും, പ്രസക്തമായേക്കാവുന്ന സൈറ്റുകൾ അടയ്ക്കുന്നതും ഉൾപ്പെടുന്നു.' എന്നും ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
തൊട്ടുപിന്നാലെ തങ്ങൾ ഇസ്രയേലിനെതിരെ വ്യോമാക്രമണത്തിന് തുടക്കമിട്ടതായി ഹിസ്ബുള്ള പ്രഖ്യാപിച്ചു. നിരവധി ഡ്രോണുകളും 320-ലധികം കത്യുഷ റോക്കറ്റുകളും ഉപയോഗിച്ച് തങ്ങൾ ആക്രമണം നടത്തുമെന്നും, കഴിഞ്ഞ മാസം ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ കമാൻഡറായ ഫൗദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്നും ഹിസ്ബുള്ള പ്രഖ്യാപിച്ചെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.
- ഗാസയിലെ ഡോക്‌ടർമാർക്ക് സ്‌റ്റെതസ്‌കോപ്പിനെക്കാൾ ആവശ്യം മൊബൈല്‍ ഫോൺ; ആശുപത്രികൾ വെളിച്ചമില്ലാതെ ഗുരുതരാവസ്ഥയില്‍
- ഗാസയിൽ മരണം 40,000 കടന്നു; വെടിനിർത്താൻ ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷൻ
- 'അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല'; ഇസ്രയേല്‍ നര നായാട്ടില്‍ ബാക്കിയാകുന്ന പാതി ജീവനുകള്‍
- ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അമേരിക്കന്‍ സംഘടനയുമായി സഹകരിച്ച് യുഎഇ; പരിക്കേറ്റവര്‍ക്ക് കൃത്രിമ അവയവങ്ങള്‍
- അശാന്തിയൊഴിയാതെ ഗാസ മുനമ്പ്; ഇസ്രയേല്‍ റെയ്‌ഡിലെ നരക യാതനകള്‍ വിവരിച്ച് പലസ്‌തീനികള്‍