ജനീവ: ഗാസ മുനമ്പിൻ്റെ വടക്ക് ഭാഗത്ത് പലസ്‌തീനികൾ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ഭീകരതയെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നത ഉദ്യോഗസ്ഥൻ. യുഎന്നിൻ്റെ ആക്‌ടിംഗ് ഹ്യൂമാനിറ്റേറിയൻ ചീഫ് ജോയ്‌സ് മസൂയ ആണ് എക്‌സിൽ ഇക്കാര്യം വ്യക്തമാക്കിയത്. വടക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടാഴ്‌ചയ്ക്കിടെ 400 ലധികം പേർ കൊല്ലപ്പെട്ടതായി ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചിരുന്നു.
'വടക്കൻ ഗാസയിൽ ഹമാസ് തീവ്രവാദികള്‍ വീണ്ടും സംഘടിക്കുന്നത് തടയുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രയേൽ ഒക്ടോബർ 6 ന് പ്രദേശത്ത് കനത്ത വ്യോമ, കര ആക്രമണം നടത്തിയിരുന്നു. യുദ്ധത്തിൽ തകർന്ന ഈ പ്രദേശത്ത് ഉപരോധം ശക്തമാക്കിയതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്‌തു. അവശ്യ സാധനങ്ങൾ തീർന്നു. ആശുപത്രികള്‍ രോഗികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഈ അതിക്രമങ്ങൾ അവസാനിപ്പിക്കണം', ജോയ്‌സ് മസൂയ എക്‌സിൽ കുറിച്ചു.
ശനിയാഴ്‌ച പുലർച്ചെ മുതൽ ഇസ്രയേൽ സൈന്യം ആശുപത്രി വളയുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്‌തതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രയേൽ സൈന്യത്തിൻ്റെ ഉപരോധത്തിനിടെ വടക്കൻ ഇന്തൊനേഷ്യൻ ആശുപത്രിയിലെ രണ്ട് രോഗികൾ മരിച്ചതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനറേറ്റർ തകർന്ന് വൈദ്യുതി ഇല്ലാതായതാണ് ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളുടെ മരണത്തിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. ഇന്ധനം, മെഡിക്കൽ സപ്ലൈസ്, രക്തം, ഭക്ഷണം എന്നിവ എത്തിക്കുന്നതിനും ഗുരുതരാവസ്ഥയിലുള്ള രോഗികളെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമായി ഡബ്ല്യുഎച്ച്ഒ ഞായറാഴ്‌ച വടക്കൻ കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക് ദൗത്യം ആസൂത്രണം ചെയ്യുന്നതായും ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക